ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: സൗന്ദര്യമത്സരങ്ങളുടെ വേദിയിൽ പ്രായം വെറും അക്കമാണെന്ന് തെളിയിക്കാൻ 71–ാം വയസ്സിൽ മിസ് ഗ്രേറ്റ് ബ്രിട്ടൻ ദേശീയ ഫൈനലിലേക്ക് ആൻ മേരി ഹാർപ്പർ. സ്കോട്ട് ലൻഡിലെ അയർഷയറിൽ നടന്ന പ്രാദേശിക മത്സരത്തിൽ വിജയിച്ച ആൻ മേരി, മിസ് ഗ്രേറ്റ് ബ്രിട്ടൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഫൈനലിസ്റ്റാകാനൊരുങ്ങുകയാണ്. പ്രെസ്റ്റ്വിക്കിൽ താമസിക്കുന്ന വിരമിച്ച ഹെയർഡ്രെസ്സറായ ആൻ മേരി സമൂഹമാധ്യമങ്ങളിൽ ‘ഗ്ലാമർ ഗ്രാൻ ആൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. മേക്കപ്പ് ട്യൂട്ടോറിയലുകളും ഫാഷൻ വീഡിയോകളും പ്രചോദനാത്മക സന്ദേശങ്ങളുമായി 57,000-ത്തിലേറെ ഫോളോവേഴ്സുള്ള താരം, പ്രായം കൂടിയെന്നതുകൊണ്ട് ജീവിതത്തിലെ അവസരങ്ങൾ ഉപേക്ഷിക്കേണ്ടതില്ലെന്ന സന്ദേശമാണ് പകരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

45 വയസ്സിനു മുകളിലുള്ളവർക്കായി സംഘടിപ്പിച്ച മിസ് ഗ്രേറ്റ് ബ്രിട്ടൻ ക്ലാസിക് മത്സരത്തിൽ ഫാഷൻ വെയർ, ഈവനിങ് വെയർ, സ്വിംവെയർ എന്നീ വിഭാഗങ്ങളിലാണ് ആൻ മേരി പങ്കെടുത്തത്. വേദിയിലെ പ്രകടനത്തിനൊപ്പം അഭിമുഖത്തിലും മികവ് തെളിയിച്ച അവർ പ്രാദേശിക റൗണ്ടിൽ ഒന്നാമതെത്തിയാണ് ദേശീയ ഫൈനലിന് യോഗ്യത നേടിയത്. മിസ് വിഭാഗത്തിൽ 18–30 വയസ്സുകാരും മിസ് വിഭാഗത്തിലെ മറ്റൊരു വിഭാഗത്തിൽ 31–44 വയസ്സുകാരും ക്ലാസിക് വിഭാഗത്തിൽ 45 വയസ്സിനു മുകളിലുള്ളവരുമാണ് മത്സരിക്കുന്നത്. മത്സരത്തിനപ്പുറം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് ആൻ മേരി. 50 വയസ്സിനു മുകളിലുള്ളവരുടെ ഏകാന്തത കുറയ്ക്കാനും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താനും പ്രവർത്തിക്കുന്ന അയർഷയറിലെ കമ്യൂണിറ്റി ലെഡ് ആക്ഷൻ സപ്പോർട്ട് പ്രോജക്ടിനായി അവർ ധനസമാഹരണം നടത്തുന്നുണ്ട്. ഗ്ലാസ്ഗോയിലെ പ്രിൻസ് ആൻഡ് പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിസിന്റെ വാർഷിക ധനസമാഹരണ പരിപാടിയിലും എട്ടുവർഷമായി മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്നു.

ഐസ് സ്കേറ്റിങ് പ്രകടനത്തിലൂടെ പ്രത്യേക ടാലന്റ് അവാർഡിന്റെ അവസാന 16 പേരിലും ആൻ മേരി ഇടം നേടിയിട്ടുണ്ട്. ഭർത്താവ് വില്യമും രണ്ടു മക്കളും മൂന്ന് കൊച്ചുമക്കളുമാണ് തന്റെ കരുത്തെന്ന് അവർ പറയുന്നു. സ്കൂൾ കാലത്ത് തിരിച്ചറിയപ്പെടാതെ പോയ പഠനവൈകല്യം കാരണം അവഗണന നേരിട്ട അനുഭവങ്ങളും ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പോരാട്ടവും ആൻ മേരി തുറന്നുപറഞ്ഞിട്ടുണ്ട്. പ്രായത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ നിലകൊള്ളാനും മുതിർന്നവരുടെ ആത്മവിശ്വാസം ഉയർത്താനുമാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി. ഫൈനലിൽ കിരീടം നേടുകയാണ് ലക്ഷ്യമെന്നും അതിനായി ആത്മവിശ്വാസത്തോടെ വേദിയിലെത്തുമെന്നും ആൻ മേരി പറഞ്ഞു. മത്സരത്തിൽ വിജയിക്കുന്നയാൾക്ക് കിരീടം, ഒരു വർഷത്തേക്ക് ഉപയോഗിക്കാനുള്ള ബ്രാൻഡഡ് കാർ ഉൾപ്പെടെ ആയിരക്കണക്കിന് പൗണ്ട് മൂല്യമുള്ള സമ്മാനങ്ങളും ലഭിക്കും.