ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെയിം സെക്സ് വിഭാഗത്തിൽ പെട്ട ദമ്പതികൾക്കായി ദേവാലയങ്ങളിൽ പ്രത്യേക അനുഗ്രഹച്ചടങ്ങുകൾ നടത്താനുള്ള നിർദേശങ്ങൾ ജനറൽ സിനഡ് യോഗത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. തത്വശാസ്ത്രപരവും നിയമപരവുമായി തടസ്സങ്ങളുണ്ടെന്ന ബിഷപ്പുമാരുടെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. 2023 ൽ സെയിം സെക്സ് വിവാഹത്തെ പിന്തുണക്കില്ലെന്ന് തീരുമാനിച്ചിരുന്ന സഭ, പകരമായി അനുഗ്രഹച്ചടങ്ങുകൾക്ക് രൂപരേഖ തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും ഏകദേശം £1.6 മില്യൺ ചെലവഴിച്ച പ്രക്രിയ ഇതോടെ അവസാനിച്ചു. എന്നാൽ സാധാരണ ഞായറാഴ്ച ആരാധനയിൽ ഉൾപ്പെടുന്ന അനുഗ്രഹ പ്രാർത്ഥനകൾ തുടരാൻ അനുവദിച്ചിട്ടുണ്ട്.

സിനഡ് ചര്‍ച്ചയിൽ എൽജിബിടിക്യു വിശ്വാസികളിൽ നിന്നുള്ള ശക്തമായി എതിർപ്പ് തീരുമാനത്തിനെതിരെ ഉയർന്നു. “ഇത് ഞങ്ങൾ പ്രതീക്ഷിച്ചതല്ലെ “ന്ന് വ്യക്തമാക്കി ആർച്ച്‌ബിഷപ്പ് ഓഫ് യോർക്ക് സ്റ്റീഫൻ കൊട്രെൽ ഖേദം രേഖപ്പെടുത്തി. സെയിം സെക്സ് പുരോഹിതനായ റവ. ചാർലി ബാഞ്ചിക്-ബെൽ സഭയുടെ നടപടിയെ “വേദനാജനകമായ പ്രഹസനം” എന്ന് വിശേഷിപ്പിച്ച് സമൂഹത്തോട് മാപ്പുപറഞ്ഞു. അതേസമയം പരമ്പരാഗത വിവാഹത്തെ പിന്തുണക്കുന്ന വിഭാഗങ്ങൾ തങ്ങളുടെ നിലപാട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരുന്നു. ഗ്ലോബൽ സൗത്ത് ആംഗ്ലിക്കൻ സഭകളെ ‘ഹോമോഫോബിക്’ എന്ന് വിളിക്കുന്നത് അന്യായമാണെന്ന വിമർശനവും ഉയർന്നു.

സിനഡിന്റെ തീരുമാനം ആഗോള ആംഗ്ലിക്കൻ സഭകളെ നേരിട്ട് ബാധിക്കില്ലെങ്കിലും വിഷയം ആംഗ്ലിക്കൻ കമ്മ്യൂണിയനിൽ ഭിന്നത വർധിപ്പിച്ചു. സ്കോട്ടിഷ് എപ്പിസ്കോപൽ ചർച്ച് 2017ൽ സെയിം സെക്സ് വിവാഹത്തിന് അനുമതി നൽകിയപ്പോൾ, വെയിൽസ് സഭ സെയിം സെക്സ് ദമ്പതികൾക്കായുള്ള അനുഗ്രഹ ശുശ്രൂഷകൾക്ക് അധികാരം നൽകി. പുതിയ ആർച്ച്‌ബിഷപ്പ് ഓഫ് കാന്റർബറിയായ സാറാ മുള്ളാലി വിഷയത്തിന്റെ തീവ്രത അംഗീകരിച്ച് “ഇത് നമ്മുടെ വിശ്വാസത്തിന്റെ ആഴങ്ങളെയും വ്യക്തിത്വത്തെയും സ്പർശിച്ച വിഷയമാണെ”ന്ന് വ്യക്തമാക്കി. ചര്‍ച്ച തുടരാൻ പ്രത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനും സിനഡ് അനുമതി നൽകിയിട്ടുണ്ട്.











Leave a Reply