ന്യൂഡൽഹി: എയർ ഇന്ത്യയുടെ AI-171 വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്ന വാർത്തകൾ തള്ളി എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും ഊഹാപോഹപരവുമാണെന്ന് വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിച്ചേരാത്തതാണെന്നും അധികൃതർ അറിയിച്ചു.
ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, AI-171 അപകടത്തിന് കാരണം പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാകാമെന്ന സൂചനയുണ്ടെന്നായിരുന്നു പരാമർശം. എന്നാൽ ഇത്തരത്തിലുള്ള അവകാശവാദങ്ങൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്ന് എഎഐബി വ്യക്തമാക്കി. നേരത്തെ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ ആ ഘട്ടത്തിൽ ലഭ്യമായ വസ്തുതകൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും അറിയിച്ചു.
വിമാനാപകട അന്വേഷണങ്ങൾ ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) നിശ്ചയിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും രാജ്യത്തെ നിയമങ്ങൾക്കും അനുസൃതമായാണ് നടത്തുന്നതെന്ന് എഎഐബി വ്യക്തമാക്കി. സാങ്കേതികവും തെളിവ് അടിസ്ഥാനവുമായ പ്രക്രിയയിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്; കുറ്റം ചുമത്തലല്ല ലക്ഷ്യം, സുരക്ഷ വർധിപ്പിക്കലാണ് പ്രധാന ഉദ്ദേശ്യമെന്നും അറിയിച്ചു. അന്തിമ റിപ്പോർട്ട് അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളുവെന്നും മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും അഭ്യർഥിച്ചു.











Leave a Reply