ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ യുകെയിലെ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കടുപ്പിക്കണമെന്ന നിലപാടിൽ നിന്ന് റീഫോം യുകെ നേതാവും ക്ലാക്ടൺ എംപിയുമായ നിഗൽ ഫാരേജ് പിന്നോട്ടു പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സ്ഥിരതാമസാനുമതി (ILR) ലഭിക്കുന്നതിനുള്ള കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കണമെന്ന മുൻ നിലപാടിൽ ഇളവ് വരുത്താൻ അദ്ദേഹം തയ്യാറായെന്നാണ് വിലയിരുത്തൽ. യുകെയിലെ വിവിധ സ്ഥലങ്ങളിലെ മലയാളി സംഘടനകൾ സമർപ്പിച്ച നിവേദനങ്ങൾ നിലപാട് മയപ്പെടുത്തുന്നതിൽ നിർണായകമായതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . എൻ.എച്ച്.എസ്, കെയർ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിതെന്ന് ഈ വിഷയത്തിൽ നടന്ന ചർച്ചകളിൽ അഭിപ്രായം ഉയർന്നു വന്നിരുന്നു.
അഞ്ച് വർഷം കൊണ്ടു ലഭിച്ചിരുന്ന ഐ എൽ ആർ പത്ത് വർഷമാക്കുന്നത് സാമ്പത്തിക അനിശ്ചിതത്വവും തൊഴിൽ സുരക്ഷയില്ലായ്മയും സൃഷ്ടിക്കുമെന്നായിരുന്നു ഉയർന്ന് വന്ന പ്രധാന വിമർശനം . കെയർ മേഖലയിലെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും സേവന മേഖലയിലെ പ്രതിസന്ധിയും ഇതുവഴി രൂക്ഷമാകാമെന്ന് വിവിധ സംഘടനകളും തൊഴിലാളി യൂണിയനുകളും ചൂണ്ടിക്കാട്ടിയിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള സ്കിൽഡ് കുടിയേറ്റക്കാർ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് ബാധ്യതയല്ല, മറിച്ച് നികുതിയിലും നാഷനൽ ഇൻഷുറൻസിലും വലിയ സംഭാവന ചെയ്യുന്ന വിഭാഗമാണെന്നും ഉള്ള അഭിപ്രായം ശക്തമായതായാണ് കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടിൽ നിന്ന് പിന്നോക്കം പോകാൻ റീഫോം യുകെയെ പ്രേരിപ്പിച്ചത്. സ്വന്തം മണ്ഡലത്തിലെ ആരോഗ്യപ്രവർത്തകരുടെ പിന്തുണ ഫാരേജിന് നിർണായകമാണെന്ന രാഷ്ട്രീയ വിലയിരുത്തലും നിലനിൽക്കുന്നു.
ഇതിനിടെ, സർക്കാർ മുന്നോട്ടുവെച്ച സെറ്റിൽമെന്റ് പദ്ധതിയെ കുറിച്ച് പ്രവാസികളിൽ ആശങ്ക തുടരുന്നതായാണ് സൂചന. പത്ത് വർഷത്തെ കാലാവധി നിർബന്ധമാക്കിയാൽ ഏകദേശം 1.6 ദശലക്ഷം പേരുടെ സ്ഥിരതാമസത്തെ ബാധിക്കാമെന്നാണ് കണക്കുകൾ ചൂണ്ടി കാണിക്കുന്നത് . എന്നാൽ, ഹൈ-സ്കിൽഡ് തൊഴിലാളികൾക്കും കെയർ മേഖലയിലെ പ്രധാന ജീവനക്കാർക്കും ഇളവ് നൽകണമെന്ന ആവശ്യം ശക്തമാണ്. അത്യാവശ്യ സേവനങ്ങൾ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന വേണമെന്ന ഫാരേജിന്റെ പുതിയ നിലപാട് നിലവിലെ അഞ്ച് വർഷ നിയമം തുടരുമെന്ന പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നതായി വിലയിരുത്തപ്പെടുന്നു.











Leave a Reply