ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കടുത്ത ചൂടും നീണ്ടുനിൽക്കുന്ന വരൾച്ചയും മൂലം ബ്രിട്ടന്റെ വിവിധ ഭാഗങ്ങൾ കാട്ടുതീ ഭീഷണി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സഫോക്കിലെ ഡൺവിച്ച് ഹീത്തിൽ ബുധനാഴ്ച വൈകിട്ട് 5.30ഓടെ ആരംഭിച്ച വൻ തീപിടിത്തം അതിവേഗം പടരുന്നതിനിടെ ഏകദേശം 2.5 മൈൽ അകലെയുള്ള സൈസ്‌വെൽ ബി ആണവനിലയത്തിന്റെ ദിശയിലേക്കും വ്യാപിച്ചു. എന്നാൽ നിലവിൽ ആണവനിലയത്തിന് നേരിട്ടുള്ള ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തെ തുടർന്ന് ക്ലിഫ് ഹൗസ് ഹോളിഡേ പാർക്കിലെ 200ഓളം കാരവനുകളിലുള്ള വിനോദസഞ്ചാരികളെ രാത്രി തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംഭവത്തെ “മേജർ ഇൻസിഡന്റ്” ആയി പ്രഖ്യാപിച്ച സഫോക്ക് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് 90ഓളം അഗ്നിരക്ഷാ സേനാംഗങ്ങളെ രംഗത്തിറക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, കിഴക്കൻ ലണ്ടനിലെ റോമ്ഫോർഡിൽ 30 ഏക്കറിലധികം പുല്ലുമേടുകൾ കത്തിനശിച്ചു. റെയ്ൻഹാമിലെ മറ്റൊരു വലിയ തീപിടിത്തം നിയന്ത്രിക്കാനും നൂറോളം അഗ്നിരക്ഷാസേനാംഗങ്ങളെ വിന്യസിച്ചു. രാജ്യത്തിന്റെ തെക്കൻ, കിഴക്കൻ മേഖലകളിൽ മഴയുടെ കടുത്ത കുറവും ഉയർന്ന താപനിലയും കാരണം കാട്ടുതീകൾ അതിവേഗം പടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ 43 ദിവസമായി കാര്യമായ മഴ ലഭിച്ചിട്ടില്ല.

ഇംഗ്ലണ്ടിന്റെ ഏകദേശം പകുതിഭാഗവും നിലവിൽ വരൾച്ചയുടെ പിടിയിലാണെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച ചിലയിടങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസിലെത്തി. ഇതേ തുടർന്ന് ലണ്ടൻ, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള മേഖലകളിൽ ആംബർ ഹീറ്റ്-ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ ഇംഗ്ലണ്ടും വെയിൽസും ചേർന്ന് 706 കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 200-ലധികം തീപിടിത്തങ്ങൾക്ക് അഗ്നിരക്ഷാസേന പ്രതികരിച്ചതായും നാഷണൽ ഫയർ ചീഫ്സ് കൗൺസിൽ അറിയിച്ചു. ബ്രിട്ടന്റെ പല ഭാഗങ്ങളും ഗുരുതരമായ കാട്ടുതീ ഭീഷണിയിലാണെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.