ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെറ്റ് ഓഫീസ് യുകെയുടെ വടക്കൻ ഭാഗങ്ങളിൽ മഞ്ഞും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നതിനാൽ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മഴയ്ക്ക് പിന്നാലെ താപനില കുത്തനെ താഴാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ ഐസ് രൂപപ്പെടാമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകിയത്. റോഡ് ഉപരിതലങ്ങളിൽ മഞ്ഞ് രൂപപ്പെടുന്നത് യാത്രകൾക്ക് തടസ്സം സൃഷ്ടിക്കാമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകപ്പെട്ടിട്ടുണ്ട് . യുകെ മുഴുവൻ ഭാഗങ്ങളിലും തണുപ്പ് തുടരുമെന്നാണ് പ്രവചനം.

ഞായറാഴ്ച വൈകുന്നേരത്തോടെ മഴയും മലനിരകളിൽ മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടതിനു പിന്നാലെ ആകാശം തെളിഞ്ഞാൽ താപനില ഹിമാങ്കത്തിനു താഴേയ്ക്ക് ഇടിയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ മേഖലകളിൽ ശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബിബിസി കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച മേഘാവൃതാവസ്ഥ മാറിമാറി അനുഭവപ്പെടുകയും ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്യും. തെക്കൻ ഇംഗ്ലണ്ട് ഭാഗങ്ങളിൽ ഇടവിട്ട് ശക്തമായ മഴയ്ക്കും വടക്കൻ സ്കോട്ട് ലൻഡ് മേഖലയിൽ മലമുകളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ സെൻട്രൽ, ടെയ്സൈഡ് ആൻഡ് ഫൈഫ്, ഗ്രാംപിയൻ, ഹൈലാൻഡ്സ്, സൗത്ത് വെസ്റ്റ് സ്കോട്ട് ലൻഡ്, സ്ട്രാത്ക്ലൈഡ് എന്നിവയ്ക്കൊപ്പം വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ നോർതംബർലാൻഡ് ഉൾപ്പെടുന്നു. ഇതിനുപുറമെ ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തണുപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ രാത്രി സമയ യാത്രകൾ പരമാവധി ഒഴിവാക്കാനും വാഹനങ്ങൾ സൂക്ഷ്മതയോടെ ഓടിക്കാനും അധികൃതർ നിർദേശം നൽകി.











Leave a Reply