ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഗ്ഗിന്റൺ (ഡർബിഷയർ): മോഷണം പോയതായി സംശയിക്കുന്ന വാഹനത്തെ പൊലീസ് പിന്തുടരുന്നതിനിടെ പ്രതി വെള്ളപ്പൊക്കത്തിലകപ്പെട്ട് മരണമടഞ്ഞു . ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഓക്കർത്തോർപ്പിൽ നിന്ന് കാരവാൻ മോഷണം പോയെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഇടയ്ക്കായിരുന്നു സംഭവം. പൊലീസ് വാഹനങ്ങളിൽ ഇടിച്ചുകയറിയ ശേഷം സമീപത്ത് വാഹനം നിർത്തി രണ്ട് പേർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒരാളെ പൊലീസ് പിടികൂടി. മറ്റെയാൾ വെള്ളക്കെട്ടിലിൽ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത് .

വിപുലമായ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്ക് ശേഷം ഇയാളെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു ആംബുലൻസ് സംഘം പ്രാഥമിക ശുശ്രൂഷ നൽകി റോയൽ ഡെർബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെന്നും അടുത്ത ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പൊലീസ് സ്വമേധയാ ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തിരച്ചിലിൽ ഫയർ ആൻഡ് റെസ്ക്യൂ സംഘവും പങ്കെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കോവൻട്രിയിലെ ഹാർനാൾ ലെയിൻ വെസ്റ്റിൽ താമസിക്കുന്ന 34-കാരൻ അഡ്രിയൻ ഒസിയേക്കിക്കെതിരെ അപകടകരമായ ഡ്രൈവിംഗ്, പൊലീസ് നിർത്താൻ നൽകിയ നിർദ്ദേശം അവഗണിക്കൽ, പൊലീസ് വാഹനങ്ങൾക്ക് നാശനഷ്ടം വരുത്തൽ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ, കാരവാൻ മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി. ഇയാൾ തിങ്കളാഴ്ച സൗതേൺ ഡർബിഷയർ മജിസ്‌ട്രേറ്റ്സ് കോടതിയിൽ ഹാജരാകും. സംഭവസ്ഥലത്തെ പാലത്തിന്റെ മതിലിനും കേടുപാടുകൾ സംഭവിച്ചതായി പ്രദേശവാസികൾ അറിയിച്ചു.











Leave a Reply