കൊട്ടാരക്കര: കൊല്ലം ജില്ലയിലെ കോട്ടാത്തലയിൽ വീട് കയറി യുവാവിനെ ആക്രമിച്ച സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. കോട്ടാത്തല സ്വദേശിയായ അരുൺജിത്തിനെയാണ് മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ അരുൺജിത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ പ്രതിയായ ബിപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവസമയത്ത് അരുൺജിത്തും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രമണം തടയാൻ ശ്രമിച്ച അമ്മ നിലത്ത് വീഴുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആക്രമികൾ വീട്ടിൽ കയറി മർദനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമീപവാസികൾ പകർത്തിയിരുന്നു.
അയൽവാസികൾ വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രതികളിൽ രണ്ട് പേർ ആക്രമണം നിർത്തി മടങ്ങിയെങ്കിലും മുഖ്യപ്രതി മർദ്ദനം തുടരുകയായിരുന്നു. വീഡിയോ ചിത്രീകരിക്കുന്നുവെന്നറിയാമായിരുന്നിട്ടും ആക്രമണം തുടർന്നത് നാട്ടുകാരിൽ ആക്രോശം ഉയർത്തി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.











Leave a Reply