സുധീഷ് തോമസ്
സ്റ്റോക്ക് ഓൺ ട്രെൻഡിലെ നിത്യസഹായ മാതാ ദേവാലയത്തിലെ വിമൻസ് ഫോറത്തിന്റെവാർഷിക ആഘോഷം ‘നസ്രാണി മേളം’ ആഴ്ചകളോളം വരുന്ന ഒരുക്കങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ,നൂറോളം വരുന്ന വിമൻസ് ഫോറം അംഗങ്ങൾ ചേർന്നൊരുക്കിയ കലാവിരുന്നോടുകൂടി വർണ്ണാഭമായി നടത്തപ്പെട്ടു.

വിമൻസ് ഫോറം പ്രസിഡൻറ് അനു എബ്രഹാം കോഡിനേറ്ററും സോഫി കുര്യാക്കോസ്, ഷെറിൻ ജോയ് എന്നിവർ കൾച്ചറൽ പ്രോഗ്രാം കോഡിനേറ്റേഴ്സുമായി കമ്മിറ്റികൾക്ക് നേതൃത്വം നൽകി. ആഴ്ചകളായുള്ള ഒരുക്കങ്ങൾ, ജോലിത്തിരക്കിനിടയിൽ ഉള്ള പ്രാക്ടീസുകൾ ഒന്നും വെറുതെ ആയില്ല. ഫെബ്രുവരി 14ാം തീയതി ട്രെൻഡ് വെയിലിൽ ഉള്ള സെൻറ് ജോസഫ് കോളേജ് ഹാളിൽ, ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ലോഞ്ചിങ്ങിലൂടെ നസ്രാണി മേളത്തിന് തുടക്കം കുറിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ വികാരി ഫാദർ ജോർജ് എട്ടു പറയിൽ അധ്യക്ഷത വഹിച്ചു. രൂപതാ വിമൻസ് ഫോറം ഡയറക്ടർ ഡോക്ടർ സിസ്റ്റർ ജീൻ മാത്യു എസ് എച്ച് ഉദ്ഘാടനം നിർവഹിച്ചപ്പോൾ ലോക മാതൃവേദി ജോയിൻറ്സെക്രട്ടറി ട്വിങ്കിൾ റൈസൻ, രൂപതാ വിമൻസ് ഫോറം പ്രസിഡൻറ് മെർലിൻ മാത്യു, റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിലെ ഓർഗൻ ഡോണേഷൻ ലീഡും ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റുമായ ഡോക്ടർ പ്രാബ് ക്ലർ, കീൽ യൂണിവേഴ്സിറ്റി ഡീനും ഗൈനക്കോളജി കൺസൾട്ടന്റുമായ പ്രൊഫസർ ഫിഡൽമ ഓ മഹോണി എന്നിവർ ആശംസകൾ അർപ്പിച്ചു. വിമൻസ് ഫോറം പ്രസിഡൻറ് അനു എബ്രഹാം എല്ലാവർക്കും സ്വാഗതം ആശംസിച്ചപ്പോൾ സെക്രട്ടറി അന്നു കെ പൗലോസ് നന്ദി അർപ്പിച്ചു.

കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടിയേറിയ സീറോ മലബാർ നസ്രാണികളുടെ ഒരുമയുടെയും കൂട്ടായ്മയുടെയും ആഘോഷം കൂടിയായിരുന്നു നസ്രാണിമേളം. ഇടവകയിലെ വനിതകളെ എല്ലാം ഒന്നിച്ചുകൂട്ടി സൗഹൃദവും പരസ്പര സ്നേഹവും സഹകരണവും വർദ്ധിപ്പിക്കാനായി വിഭാവനം ചെയ്ത പരിപാടി ഇടവക മുഴുവനിലേയും ഈ നാട്ടിലുള്ളവരുടെയും കൂടി ഒരു ആഘോഷമായി മാറുകയായിരുന്നു.

കാൽ നൂറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രമുള്ള സ്റ്റോക്കിലെ മാർത്തോമാ നസ്രാണികളുടെ കൂട്ടായ്മയിൽ ഉള്ള വളർച്ചയുടെ ഒരു പ്രതിഫലനം കൂടിയായിരുന്നു നസ്രാണിമേളം. ഇടവകയിലെ വിമൻസ് ഫോറത്തിന് പൂർണ്ണ സഹകരണവുമായി മെൻസ് ഫോറം, സീറോ മലബാർ യൂത്ത് മൂവ്മെൻറ് സംഘടനകളും ഉണ്ടായിരുന്നു എന്നത് വലിയ സന്തോഷം നൽകുന്നു. ഇടവകയിലെ കുടുംബ കൂട്ടായ്മ യൂണിറ്റുകളിലെ ഓരോ വിമൻസ് ഫോറം അംഗങ്ങളെയും വ്യക്തിപരമായി ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട വോളണ്ടിയേഴ്സ്, വിവിധ കമ്മിറ്റി മെമ്പേഴ്സ്, എക്സിക്യൂട്ടീവ്, കോർ കമ്മിറ്റി മെമ്പേഴ്സ് എന്നിവരുടെ കൂട്ടായ ശ്രമത്തിനൊപ്പം മെൻസ് ഫോറത്തിന്റെ സഹകരണവും ഇടവക വികാരി ജോർജ് എട്ടു പറയിൽ അച്ചൻ്റെ നേതൃത്വവും കൂടിയായപ്പോൾ നസ്രാണിമേളം ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരു പുതിയ ഏട് തന്നെ സൃഷ്ടിച്ചു. എട്ടു വർഷങ്ങളായുള്ള സ്റ്റോക്ക് വിമൻസ് ഫോറത്തിന്റെ ജൈത്രയാത്രയിൽ നിർണായക പങ്കുവഹിച്ച മുൻ കമ്മിറ്റി അംഗങ്ങളെ ആദരിക്കാനും പുതു നേതൃത്വം മറന്നില്ല അവർക്കുള്ള ഉപഹാരങ്ങൾ പ്രൊഫസർ ഫിഡൽമ ഓ മഹോണി സമർപ്പിച്ചു.

ആനുവൽ ഡേ നാമനിർദ്ദേശ മത്സരത്തിൽ ഏറ്റവും അഭികാമ്യമായ “നസ്രാണിമേളം ” എന്ന പേര് നിർദ്ദേശിച്ച ശ്രീമതി ഷിബി ജോൺസനെ ആദരിച്ചു, ഉപഹാരം കൈമാറി. വിമൻസ് ഫോറം ആന്തത്തോടെ അവസാനിച്ച ഔദ്യോഗിക മീറ്റിങ്ങിനെ തുടർന്ന് വിമൻസ് ഫോറം അംഗങ്ങളുടെ കലാവിരുന്നായിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ പരിപാടികൾ. പ്രയർ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ക്രിസ്ത്യൻ തിരുവാതിര, സ്കിറ്റ്, തമാശ നിറഞ്ഞ കപ്പിൾ ഡാൻസുകൾ, ബോളിവുഡ് ഡാൻസ്, സ്റ്റോക്കിലെ വാനമ്പാടികളുടെ ഗാനമേള, പാരമ്പര്യവും ആധുനികതയും കോർത്തിണക്കിയ ഫാഷൻ ഷോ, ഓട്ടം തുള്ളൽ, നസ്രാണി പാരമ്പര്യം ഒട്ടും പറയാത്ത വേഷവിധാനങ്ങളുമായി മാർഗംകളിയും അവയിൽ ചിലത് മാത്രം. ജോലിത്തിരക്കിനും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളുടെ ഇടയിലും പ്രാക്ടീസിന് സമയം കണ്ടെത്തി മനോഹരമായി പ്രോഗ്രാമുകൾ അവതരിപ്പിച്ചവരെ എല്ലാവരും അഭിനന്ദിച്ചു .

ലോകമെമ്പാടും വാലന്റൈൻസ് ഡേ ആഘോഷിച്ചപ്പോൾ സ്റ്റോക്ക് നസ്രാണികളും അതിൻറെ പ്രാധാന്യം ഒട്ടും ചോരാതെ ശ്രദ്ധിച്ചു. വിശുദ്ധ വാലന്റൈനെ അനുസ്മരിക്കുകയും വിവാഹത്തിൻറെ 25 വർഷങ്ങൾ പൂർത്തിയാക്കിയ മാത്തച്ചൻ- മരിയ, ഡേവിസ് പാപ്പു – ഷിൻസി, സന്തോഷ് -ലൈജി എന്നീ ദമ്പതികളെ ആദരിച്ചും, ലക്കിവാലന്റൈൻ കപ്പിൾ നറുക്കെടുപ്പ് നടത്തി വിജയികളായ ഫെനിഷ് -ലീന ദമ്പതികൾക്ക് ഉപഹാരം സമർപ്പിച്ചും വിമൻസ് ഫോറം ആഘോഷിച്ചപ്പോൾ, എല്ലാ സുന്ദരി മണികൾക്കും ചുമന്ന റോസാപ്പൂ വിതരണം അപ്രതീക്ഷിതമായി നടത്തി മെൻസ് ഫോറം പ്രണയ ദിനത്തിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടി. അപ്രതീക്ഷിതമായി ലഭിച്ച ആദരവിന്റെ ആത്മ നിവൃതിലായിരുന്നു എല്ലാ തരുണീമണികളും. എല്ലാ ഡിജിറ്റൽ ഡിസ്പ്ലേ സപ്പോർട്ടുമായി സുദീപ് എബ്രഹാമും സൗണ്ട് സിസ്റ്റവുമായി സെബിൻ, സിന്റോ, ജിബി എന്നിവരും എൽഇഡി സ്ക്രീനുമായി ജാസ് ലൈവ് ഡിജിറ്റലും കൂടിയായപ്പോൾ കണ്ണിനു കാതിനും കുളിർമയായി.
എല്ലാവിധ സഹകരണവുമായി കൈകാരന്മാരുടെ നേതൃത്വവും ഉണ്ടായിരുന്നു. പലഹാരങ്ങളും പാനീയങ്ങളുമായി സീറോ മലബാർ യൂത്ത് മൂവ്മെന്റിലെ യുവത്വങ്ങളും പ്രധാന ഭക്ഷണങ്ങൾ ഒരുക്കി സ്റ്റോക്കിലെ ടേസ്റ്റി ഫുഡ് റസ്റ്റോറൻറ് രംഗത്ത് എത്തിയപ്പോൾ മനവും വയറും നിറഞ്ഞ ഒരു സായാഹ്നമായി മാറി- *നസ്രാണിമേളം*- സ്റ്റോക്ക് ഓൺ ട്രെൻഡിലെ മാർത്തോമ നസ്രാണികൾക്ക്.












Leave a Reply