പാലാ മണ്ഡലത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. ജോസ് കെ. മാണിയ്ക്ക് പകരം ഭാര്യ നിഷ ജോസ് കെ. മാണിയെ മത്സരിപ്പിക്കാമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ പ്രതികരണങ്ങളും പാർട്ടിക്കുള്ളിലെ സമവാക്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ നിഷയുടെ സജീവ സാന്നിധ്യം രാഷ്ട്രീയ നിരീക്ഷകർ ശ്രദ്ധയിൽപ്പെടുത്തുന്നു. സ്ഥാനാർത്ഥിത്വ സൂചനകൾക്കിടയിൽ, “പാലായിൽ ജോസ് തന്നെ മത്സരിക്കും” എന്ന റോഷിയുടെ തുറന്ന പ്രസ്താവന ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.

2021ലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ‘സേഫ് കാർഡ്’ കളിക്കാനാണ് ജോസ് വിഭാഗത്തിന്റെ ആലോചനയെന്ന വിലയിരുത്തലുണ്ട്. സാമുദായിക-സാമൂഹിക വേദികളിലെ നിഷയുടെ ഇടപെടലുകൾ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മറുവശത്ത്, നിഷ മത്സരിച്ച് വിജയിച്ചാൽ പാർട്ടിയിലെ കുടുംബാധിപത്യം ശക്തമാകുമെന്ന ആശങ്ക റോഷി പക്ഷത്തിനുണ്ടെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജോസ് തന്നെ മത്സരിച്ച് പരാജയപ്പെട്ടാൽ പാർട്ടിയിലെ നേതൃത്വ സമവാക്യം മാറാമെന്ന കണക്കുകൂട്ടലും അണിയറയിൽ സജീവമെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെ.എം. മാണിയുടെ കാലത്തെ ഏകകേന്ദ്രിത നേതൃത്വം ഇനി പാർട്ടിയിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം. സിപിഎം നേതൃത്വത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും പുലർത്തുന്ന അടുത്ത ബന്ധം റോഷിക്ക് പാർട്ടിയിൽ സ്വാധീനം വർധിപ്പിച്ചെന്ന വിലയിരുത്തൽ ശക്തമാണ്. പാലാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയം ഒരു മണ്ഡല മത്സരമെന്നതിലുപരി, പാർട്ടിയുടെ ഭാവിദിശ നിശ്ചയിക്കുന്ന നിർണായക തീരുമാനമായി മാറുന്നുവെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിലെ പൊതുവായ നിരീക്ഷണം.