തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുടെ ഭാഗമായി കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പരിശോധനകളുടെ അടിസ്ഥാനത്തിൽ കൃത്യമായി 8,97,211 പേർ പട്ടികയിൽ നിന്ന് പുറത്തായതായി അധികൃതർ അറിയിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാൻ [https://electoralsearch.eci.gov.in/](https://electoralsearch.eci.gov.in/) എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/വയസ്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് പരിശോധിക്കാം. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ [https://www.ceo.kerala.gov.in/](https://www.ceo.kerala.gov.in/) ൽ നൽകിയിരിക്കുന്ന “Kerala SIR Final Electoral Roll 2026” ലിങ്ക് വഴിയോ [https://voters.eci.gov.in/download](https://voters.eci.gov.in/download) eroll?stateCode=511 എന്ന പോർട്ടൽ വഴിയോ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാനും സൗകര്യമുണ്ട്.
ഇതിനിടെ, വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ രാജ്യവ്യാപകമായി നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഏപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു.











Leave a Reply