ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നിരോധിത വിഭാഗത്തിൽപ്പെടുന്ന അഞ്ച് ഇനം നായകളെ വളർത്തുന്നവർക്ക് ബാധകമായ പുതിയ നിയമം 2026 നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഇത്തരം നായകളുമായി വീട്ടിലോ സ്വകാര്യ പരിസരങ്ങളിലോ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ അടുത്തിടപഴകാൻ അനുവദിക്കരുതെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. നിയമം ലംഘിച്ചാൽ നായയുടെ ഉടമകൾക്കെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകാം. വീട്ടിൽ കുട്ടിയും നായയും ഒരുമിച്ചുള്ള സാഹചര്യത്തിൽ അൽപ്പസമയത്തേക്ക് പോലും മുറി വിട്ടുപോകേണ്ടി വന്നാൽ ഇരുവരെയും സുരക്ഷിതമായി വേർതിരിക്കുകയോ കുട്ടിയെയോ നായയെയോ ഒപ്പം കൊണ്ടുപോകുകയോ വേണമെന്ന് നായ പരിശീലകയായ ഷാരൺ ബോൾട്ട് മുന്നറിയിപ്പ് നൽകി. ബാത്ത്റൂമിലേക്ക് പോകാൻ പോലും കുട്ടിയെയും നായയെയും തനിച്ചാക്കി വിടാൻ കഴിയാത്ത സാഹചര്യമാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.

പുതിയ നിയന്ത്രണം ബാധകമാകുന്നത് നിരോധിത ഇനത്തിൽപ്പെട്ട നായകളെ നിയമപരമായി വളർത്തുന്നതിനുള്ള ഒഴിവാക്കൽ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കാണ്. പിറ്റ് ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രസീലിയേറോ, എക്സ് എൽ ബുള്ളി എന്നിവയാണ് യുകെയിൽ നിരോധിച്ചിട്ടുള്ള അഞ്ച് വിഭാഗങ്ങൾ. നായയുടെ പേര് അല്ലെങ്കിൽ വംശപരമ്പര മാത്രമല്ല, ശരീരഘടനയും രൂപസവിശേഷതകളും പരിഗണിച്ചാണ് നിരോധിത വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. കുട്ടികൾക്ക് ഇത്തരം നായകളുമായി അടുത്തിടപഴകേണ്ട സാഹചര്യമുണ്ടെങ്കിൽ 18 വയസ്സിന് മുകളിലുള്ള ഒരാൾ നേരിട്ട് നിരീക്ഷിക്കണം. ക്യാമറകളോ ബേബി മോണിറ്ററുകളോ മുതിർന്നവരുടെ നേരിട്ടുള്ള സാന്നിധ്യത്തിന് പകരമാകില്ലെന്ന് പരിസ്ഥിതി, ഭക്ഷ്യ ഗ്രാമകാര്യ വകുപ്പ് (DEFRA) വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലുള്ള നിയമപ്രകാരം ഈ നായകളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോൾ എല്ലായ്പ്പോഴും വായിൽ മസിൽ (Muzzle) ധരിപ്പിക്കുകയും ചങ്ങലയിൽ ബന്ധിക്കുകയും വേണം. മൈക്രോചിപ്പ് ഘടിപ്പിക്കൽ, വന്ധ്യകരണം, സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കൽ തുടങ്ങിയ നിബന്ധനകളും പാലിക്കണം. പുതിയ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ പോലീസിന് നായയെ പിടിച്ചെടുക്കാനും ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും അധികാരമുണ്ട്. നിരോധിത ഇനത്തിൽപ്പെട്ട നായയെ ആവശ്യമായ സർട്ടിഫിക്കറ്റില്ലാതെ വളർത്തുന്നതും വിൽക്കുന്നതും കൈമാറുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ ആറുമാസം വരെ തടവോ പരിധിയില്ലാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കാം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നായകളെ ഉത്തരവാദിത്തത്തോടെ വളർത്തേണ്ടതിന്റെ പ്രാധാന്യവും പുതിയ നിയമം ഓർമിപ്പിക്കുന്നു.











Leave a Reply