ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ അബദ്ധത്തിൽ അയച്ച ഇമെയിൽ ബ്രിട്ടന് ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക ബാധ്യതയായി മാറിയതായി വെളിപ്പെടുത്തൽ. അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് സേനയ്ക്ക് സഹായികളായിരുന്ന പതിനായിരക്കണക്കിന് അഫ്ഗാൻ പൗരന്മാരുടെയും നൂറിലധികം രഹസ്യപ്രവർത്തകരുടെയും വ്യക്തിഗത വിവരങ്ങൾ പുറത്തായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ വിവരങ്ങൾ താലിബാന്റെ കൈകളിലെത്തിയതോടെ ബന്ധപ്പെട്ടവരുടെ ജീവൻ ഭീഷണിയിലായി. ഇവരെ അടിയന്തിരമായി ബ്രിട്ടനിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ‘അഫ്ഗാനിസ്ഥാൻ റെസ്‌പോൺസ് റൂട്ട്’ എന്ന പ്രത്യേക പദ്ധതി ആരംഭിക്കേണ്ടി വന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോടികൾ അധികമായി ചെലവഴിക്കേണ്ടി വന്നതായി സർക്കാർ സമ്മതിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവരച്ചോർച്ചയും അതുമായി ബന്ധപ്പെട്ട വൻചെലവും വർഷങ്ങളോളം പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ കൺസർവേറ്റീവ് സർക്കാർ ‘സൂപ്പർ ഇൻജങ്ഷൻ’ എന്ന കോടതി വിലക്ക് പ്രയോഗിച്ചതായുള്ള വിവരങ്ങളും വൻ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട് . ഇതനുസരിച്ച് ഈ വിഷയത്തെക്കുറിച്ച് വാർത്ത നൽകുന്നതിൽ മാധ്യമങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹൈക്കോടതി ജഡ്ജി വിലക്ക് നീക്കിയതോടെയാണ് സംഭവത്തിന്റെ വ്യാപ്തി പുറംലോകം അറിഞ്ഞത്. സർക്കാർ പാർലമെന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും ശക്തമായി ഉയർന്നു.

അഫ്ഗാൻ പൗരന്മാരുടെ പുനരധിവാസത്തിനായി വിവിധ പദ്ധതികളിലൂടെ 5.5 മുതൽ 6 ബില്യൺ പൗണ്ട് വരെ ചെലവ് വരുമെന്നാണ് കണക്കുകൾ. ഇതിൽ വിവരച്ചോർച്ച മൂലമുള്ള അധിക ചെലവായി നൂറുകണക്കിന് മില്യൺ പൗണ്ടുകൾ ഉൾപ്പെടുന്നു. നേരത്തെ പ്രഖ്യാപിച്ച തുകയുടെ വലിയൊരു പങ്ക് ഈ രഹസ്യ പുനരധിവാസ ചെലവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കണക്കുകൾ ശരിയായി രേഖപ്പെടുത്താൻ പാർലമെന്റിന്റെ അനുമതി തേടിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം. സംഭവം ബ്രിട്ടനിൽ വൻ രാഷ്ട്രീയ വിവാദമായി തുടരുകയാണ്.