ന്യൂഡൽഹി/ദുബായ് ∙ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ പശ്ചിമേഷ്യൻ വ്യോമമേഖല യുദ്ധക്കളമായി. സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. സംഘർഷാവസ്ഥ തുടരുന്നതിനാൽ ഞായറാഴ്ച 444 സർവീസുകൾ കൂടി റദ്ദാക്കാനിടയുണ്ടെന്നാണ് സൂചന. മേഖലയിലെ പ്രധാന വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾക്കും പൂർണ്ണമായ തടസ്സം നേരിട്ടിരിക്കുകയാണ്.
യുദ്ധം രൂക്ഷമായതോടെ എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യയിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവ് ലക്ഷ്യമാക്കി പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയിൽ തിരിച്ചിറക്കേണ്ടിവന്നു. പശ്ചിമേഷ്യയിലൂടെയും പേർഷ്യൻ ഗൾഫ് മേഖലയിലൂടെയും യാത്ര ഒഴിവാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കർശന നിർദ്ദേശം നൽകി. സിറിയയും യെമനും ഉൾപ്പെടെയുള്ള വ്യോമപാതകൾ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനരഹിതമായി. ഇതോടെ ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ യാത്രക്കാർ വിദേശ വിമാനത്താവളങ്ങളിൽ കുടുങ്ങി. ചൊവ്വാഴ്ച ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ പങ്കെടുക്കാൻ ബർമിംഗ്ഹാമിൽ പോകുന്നതിനിടെയാണ് സിന്ധു ദുബായിൽ കുടുങ്ങിയത്. ഫിബ ബാസ്‌ക്കറ്റ്‌ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം മടങ്ങുകയായിരുന്ന ഇന്ത്യൻ പുരുഷ ബാസ്‌ക്കറ്റ്‌ബോൾ ടീം ഖത്തറിലെ ദോഹയിലും തടസ്സപ്പെട്ടു. സംഘർഷം അവസാനിക്കാതെ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ.











Leave a Reply