കൊച്ചി: വിധിയുടെ ക്രൂരതയിൽ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ചിതറിക്കിടക്കുമ്പോഴും, നാല് ജീവനുകളിൽ പുതുവെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടപറഞ്ഞു. എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ടെൽക് ജംഗ്ഷൻ സമീപത്ത് കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് ജാസ്ലിയക്ക് ഗുരുതരമായി പരിക്കേറ്റത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രശ്രമങ്ങൾക്കൊടുവിൽ ഇന്ന് പുലർച്ചെ 6.38ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

മകളുടെ വേദനയിലും മനുഷ്യസ്‌നേഹം മുൻനിർത്തി കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. പിതാവിന്റെ സമ്മതത്തോടെ സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് നടപടികൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകും. വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിനും അമൃത ആശുപത്രിക്കും കൈമാറും. നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലേക്കാണ് നൽകുക. ഒരു യുവജീവിതം മാഞ്ഞെങ്കിലും, നാല് പേർക്ക് ജീവൻദാനം നൽകിയാണ് ജാസ്ലിയയുടെ മഹത്തായ യാത്ര അവസാനിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പഠനത്തിനൊപ്പം കായികരംഗത്തും മികവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ്ലിയ. യൂണിവേഴ്‌സിറ്റി തലത്തിൽ നിരവധി മെഡലുകൾ നേടിയ അവൾ, സാധാരണ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. അനവധി സ്വപ്നങ്ങളുമായി സ്ഥിരോത്സാഹത്തോടെ മുന്നേറിക്കൊണ്ടിരുന്ന ഈ യുവതിയുടെ അകാലവിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ജീവൻ നഷ്ടമായെങ്കിലും, മനുഷ്യസ്നേഹത്തിന്റെ പ്രകാശമായി ജാസ്ലിയയുടെ സ്മരണ നിലനിൽക്കും.