ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മുൻപ് Air Suvidha പോർട്ടലിൽ യാത്രക്കാരുടെ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തണം. ഒപ്പം 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഈ വിവരങ്ങളെല്ലാം നൽകിയവർക്കു മാത്രമേ യാത്രാനുമതി നൽകൂ. എല്ലാവരും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം.

ബോർഡിങ് സമയത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം ശരീരോഷ്മാവ് പരിശോധിച്ച ശേഷം വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കും.

യാത്രയ്ക്കിടെ രോഗലക്ഷണങ്ങളുണ്ടായാൽ ഐസലേറ്റ് ചെയ്യും.

യാത്ര അവസാനിക്കുമ്പോഴും തെർമൽ സ്ക്രീനിങ് ഉണ്ടാകും. രോഗലക്ഷണങ്ങളുള്ളവരെ ഉടൻ ഐസലേറ്റ് ചെയ്തു വൈദ്യസഹായം ലഭ്യമാക്കും.

കോവിഡ് വ്യാപനം രൂക്ഷമായ (ഹൈ റിസ്ക്) രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇറങ്ങുന്ന വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം. ഫലം വരുന്നതു വരെ വിമാനത്താവളത്തിൽ കാത്തിരിക്കണം. നെഗറ്റീവ് ആയാൽ പുറത്തേക്കു പോകാം.

മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ മാത്രം പരിശോധിക്കും. ഇവരെ തിരഞ്ഞെടുക്കുക വിമാനക്കമ്പനിയാകും. മറ്റുള്ളവർക്കു പരിശോധന കൂടാതെ എയർപോർട്ട് വിടാം.

വന്നിറങ്ങുമ്പോൾ പരിശോധനാ ഫലം നെഗറ്റീവ് ആയവരും പരിശോധന ആവശ്യമില്ലാത്തവരും 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. 8–ാം ദിവസം ആർടിപിസിആർ പരിശോധന നടത്തി ഫലം Air Suvidha പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാമെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരണം.

8–ാം ദിവസത്തെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സാംപിൾ ജീനോമാറ്റിക് പരിശോധനയ്ക്ക് അയയ്ക്കും. ഇവർക്കു ചികിത്സ ഉറപ്പാക്കണം. അവരുമായി സമ്പർക്കത്തിലായവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.

ഇന്ത്യയിൽ നിന്നു വിദേശത്തേക്കു പോകുന്ന യാത്രക്കാർ ആ രാജ്യങ്ങളുടെ കോവിഡ് പ്രോട്ടോക്കോൾ ആണ് പാലിക്കേണ്ടത്. ഇത് വ്യത്യസ്തമായിരിക്കും.