ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികൾ കിടക്കയ്ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന ഗുരുതരാവസ്ഥ തുടരുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു . ഡോക്ടർമാർ അഡ്മിഷൻ നിർദേശിച്ചതിനു ശേഷം 24 മണിക്കൂറിലേറെ ആശുപത്രി വരാന്തയിൽ കിടക്കയ്ക്കായി കഴിഞ്ഞവർഷം കാത്തിരുന്നത് 52,000 പേരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 6,893 പേർക്ക് 48 മണിക്കൂറിനു ശേഷമാണ് കിടക്ക ലഭിച്ചത്. ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗങ്ങളുടെ വരാന്തകളിൽ ട്രോളിയിലും കസേരകളിലും ചിലപ്പോൾ നിലത്തുമായി രോഗികൾ കാത്തിരിക്കുന്ന അവസ്ഥയാണ് റിപ്പോർട്ടുകൾ തുറന്നു കാണിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സാഹചര്യം ‘ദേശീയ അടിയന്തരാവസ്ഥ’യായി വിലയിരുത്തിയിരിക്കുകയാണ് റോയൽ കോളേജ് ഓഫ് നഴ്സിംഗ്. പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും തിരക്കേറിയ ശീതകാലമാണ് എൻഎച്ച്എസ് നേരിട്ടതെന്ന് അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ പരിഹാരങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ല. പകരം ‘കോറിഡോർ കെയർ’ എന്ന രീതിയെ പല ട്രസ്റ്റുകളും പ്രായോഗികമായി അംഗീകരിച്ചിരിക്കുകയാണ്.

ചില ആശുപത്രികളിൽ കോറിഡോർ കെയർ തന്നെ പതിവ് സംവിധാനമായി മാറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിസ്റ്റൺ ആശുപത്രി, റോയൽ ബ്ലാക്ക്ബേൺ ആശുപത്രി, ആരോ പാർക്ക്, റോയൽ പ്രസ്റ്റൺ, വാറിങ്ടൺ ആശുപത്രി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ദീർഘനേരം കാത്തിരിപ്പിന് വിധേയരായത്. ഗുരുതര രോഗാവസ്ഥയിലുള്ളവർക്ക് പോലും ഇടം കിട്ടാതെ വരാന്തകളിൽ പാർപ്പിക്കേണ്ടി വരുന്ന ഈ അവസ്ഥ ബ്രിട്ടന്റെ പൊതുജനാരോഗ്യ രംഗത്തെ പ്രതിസന്ധി കൂടുതൽ വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.