ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വെള്ളക്കാരായ വിദ്യാർഥികളിൽ മൂന്നിലൊന്ന് പേർക്ക് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോഴും ആവശ്യമായ വായനാശേഷി കൈവരിക്കാതെ തന്നെ സെക്കൻഡറി സ്കൂളിലേക്ക് കടക്കുന്നതായി പുതിയ പഠനം കണ്ടെത്തി. 2023 മുതൽ 2026 വരെ 1,570 സ്കൂളുകളിലായി നടത്തിയ വായനാ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആറാം ക്ലാസിലെ ഇത്തരം വിദ്യാർഥികളിൽ 33 ശതമാനം പേരും പ്രായത്തിനൊത്ത വായനാനിലവാരത്തിന് താഴെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വായനയിൽ പിന്നാക്കം നിൽക്കുന്നത് ക്ലാസ് മുറിയിലെ പഠനത്തിൽ നിന്ന് അകന്നുനിൽക്കാനും ഹാജർ കുറയാനും കാരണമാകുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വെള്ളക്കാരായ കുട്ടികളും മറ്റ് വിഭാഗങ്ങളിലെ പിന്നോക്ക വിദ്യാർഥികളും തമ്മിലുള്ള വിദ്യാഭ്യാസ അന്തരം പ്രൈമറി പഠനകാലം മുഴുവൻ നിലനിൽക്കുന്നതായും പഠനം വ്യക്തമാക്കുന്നു. അടുത്തിടെ പുറത്തുവന്ന മറ്റൊരു അന്വേഷണ റിപ്പോർട്ടും ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സംവിധാനം വെള്ളക്കാരായ തൊഴിലാളിവർഗ കുടുംബങ്ങളിലെ കുട്ടികളെ പര്യാപ്തമായി പിന്തുണയ്ക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

കുട്ടികൾ സ്കൂളിൽ പ്രവേശിക്കുന്നതിന് മുൻപേ തന്നെ ഭാഷാ-വായനാ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കണമെന്നും കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെട്ടു. വായനാപരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് ദേശീയതലത്തിൽ കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പിന്നോക്കം നിൽക്കുന്ന വെള്ളക്കാരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അറിയിച്ചു.











Leave a Reply