മഡ്രിഡ്: ഇറാനെതിരായ യു.എസ്.–ഇസ്രയേൽ സൈനിക നടപടികളെ ശക്തമായി വിമർശിച്ച് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വീണ്ടും രംഗത്ത്. ഈ സംഘർഷം ആഗോള ദുരന്തമായി മാറാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാഞ്ചസിന്റെ നിലപാടിനെ തുടർന്ന് സ്പെയിനുമായുള്ള വ്യാപാരബന്ധങ്ങൾ വിച്ഛേദിക്കാമെന്ന ഭീഷണിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വന്നതായും റിപ്പോർട്ടുണ്ട്. ഇറാൻ വിഷയത്തിൽ സാഞ്ചസ് ഒറ്റയ്ക്കു ശക്തമായ എതിർപ്പ് ഉയർത്തുന്ന യൂറോപ്യൻ നേതാവാണെന്ന വിലയിരുത്തലും ഉയരുന്നു.

ഇറാനെതിരായ ആക്രമണങ്ങൾക്ക് സ്പെയിനിലെ റോത്ത, മൊറോൺ നാവിക-വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് സാഞ്ചസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന യു.എസ്. യുദ്ധവിമാനങ്ങൾക്ക് തിരികെ പോകേണ്ടിവന്നതായി റിപ്പോർട്ടുകൾ പറയുന്നു. “സ്പെയിന്റെ മൂല്യങ്ങൾക്കും ദേശീയ താത്പര്യങ്ങൾക്കും നിരക്കാത്ത യുദ്ധത്തിൽ പങ്കാളിയാകില്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ആഭ്യന്തര പരാജയങ്ങൾ മറയ്ക്കാനായി യുദ്ധത്തെ ഉപകരണമാക്കരുതെന്നും സാഞ്ചസ് കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാറ്റോ അംഗരാജ്യമായിരിക്കെ സ്പെയിൻ സ്വീകരിച്ച ഈ നിലപാട് വാഷിംഗ്ടണിനെ പ്രകോപിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. ജി.ഡി.പി.യുടെ അഞ്ച് ശതമാനം പ്രതിരോധ ചെലവായി വകയിരുത്തണമെന്ന യു.എസ്. ആവശ്യം സ്പെയിൻ തള്ളിയതും വിവാദമായി. സംഘർഷത്തെ തുടർന്ന് ബ്രിട്ടൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ സൈപ്രസിലേക്ക് സൈനികരെ വിന്യസിച്ചെങ്കിലും സ്പെയിൻ അതിൽനിന്ന് വിട്ടുനിൽക്കുകയാണ്. വിഷയത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സാഞ്ചസിനെ വിമർശിച്ചു.