ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിഡിൽ ഈസ്റ്റിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി യുകെ ആരംഭിച്ചു. മസ്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആദ്യ ചാർട്ടർ വിമാനം ഇന്നലെ ബുധനാഴ്ച രാത്രി 11 മണിക്ക് ആണ് പുറപ്പെട്ടത് . ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പല രാജ്യങ്ങളും വ്യോമഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുന്നത്.

സംഘർഷം ശക്തമായതിന് പിന്നാലെ ഏകദേശം 1.3 ലക്ഷം ബ്രിട്ടിഷ് പൗരന്മാർ നാട്ടിലേക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ട് രജിസ്റ്റർ ചെയ്തതായി വിദേശകാര്യ വകുപ്പ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രശ്നമുള്ളവർ, മുതിർന്നവർ, കുട്ടികളുള്ള കുടുംബങ്ങൾ തുടങ്ങിയ അടിയന്തിര സഹായം ആവശ്യമായവർക്കാണ് മുൻഗണന നൽകുന്നത്. ബ്രിട്ടീഷ് പൗരന്മാർക്കും അവരുടെ ജീവിത പങ്കാളികൾക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്രയ്ക്ക് അനുമതി ലഭിക്കും. ആവശ്യമായ യാത്രാ രേഖകൾ ഇല്ലാത്തവർക്ക് താൽക്കാലിക രേഖകൾ നൽകുന്നതിനും അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പലരും ഒമാനിലേക്ക് എത്തിച്ചേർന്ന് യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ഒരൊറ്റ വിമാനത്തിൽ എല്ലാവർക്കും സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ കൂടുതൽ ചാർട്ടർ സർവീസുകൾ ഒരുക്കാൻ സർക്കാർ എയർലൈൻസ് കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട് . ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അനുസരിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ യാത്രാ പ്രതിസന്ധികളിലൊന്നായി ഈ അവസ്ഥ മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.











Leave a Reply