ലണ്ടന്‍: സ്ട്രക്ചര്‍ റിവ്യൂവിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ അംഗങ്ങള്‍ എത്തുമെന്ന് വിലയിരുത്തല്‍. നേതാക്കള്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അംഗങ്ങള്‍ കുറയുന്നതില്‍ പാര്‍ട്ടിയില്‍ ഏറെ നാളായി അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. കോര്‍ബിന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ലേബര്‍ പാര്‍ട്ടിയിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ഉണ്ടായതായി കണ്‍സര്‍വേറ്റീവുകള്‍ ചൂണ്ടിക്കാട്ടുന്നു. ലേബറിന് കഴിഞ്ഞ മെയ് മുതല്‍ ഒക്ടോബര്‍ വരെ 1,84,000 അംഗങ്ങളെ പുതുതായി ലഭിച്ചു. ഇതോടെ ലേബറിന്റെ അംഗസംഖ്യ 3,88,000 ആയി വര്‍ദ്ധിച്ചു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് ഈ സമയം അംഗങ്ങള്‍ വന്‍ തോതില്‍ കൊഴിയുകയായിരുന്നു. ഇതിന്റെ പേരില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വന്‍തോതില്‍ വിമര്‍ശനവും നേരിട്ടു.
എന്നാല്‍ കാര്യങ്ങള്‍ മാറി മറിയുകയാണെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷന്‍ ലോര്‍ഡ് ഫെല്‍ഡ്മാനും മന്ത്രിയായ റോബര്‍ട്ട് ഹാല്‍ഫനും നടത്തിയ അവലോകനത്തില്‍ കണ്‍സര്‍വേറ്റീവ് ആസ്ഥാനത്ത് ഒരു അംഗത്വം വിതരണ കേന്ദ്രം തുടങ്ങണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയിലെ നിലവിലുളള അംഗങ്ങളുടെ അംഗത്വം നഷ്ടമാകുന്നത് തടയാന്‍ ഒരു വ്യവസ്ഥയില്ല. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സര്‍വകലാശാലയില്‍ ചേരുന്ന കണ്‍സര്‍വേറ്റീവ് അനുഭാവികളുടെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാനും യാതൊരു സംവിധാനവും പാര്‍ട്ടിയില്‍ ഇല്ല. പലരും അംഗത്വം പുതുക്കാത്തതും പാര്‍ട്ടിയുടെ അംഗസംഖ്യയെ ബാധിക്കുന്നു.

എന്നാല്‍ പുതിയ കേന്ദ്രീകൃത അംഗത്വ വിതരണത്തെ ചിലര്‍ എതിര്‍ക്കുന്നു. ഇത് പാര്‍ട്ടിയുടെ അധികാര കേന്ദ്രീകരണത്തിന് കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഒരു കേന്ദ്രീകൃത സ്വഭാവമുണ്ടായേക്കാം എന്നും ആശങ്കയുണ്ട്. ഇതിനിടെ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കാമറൂണ്‍ നടത്തുന്ന ശ്രമങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. 650 മണ്ഡലങ്ങളില്‍ നിന്ന് 600 ആയി കുറയ്ക്കാനാണ് നീക്കം. അതേസമയം പാര്‍ട്ടിയുടെ എല്ലാ സിറ്റിംഗ് എംപിമാര്‍ക്കും അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് കാമറൂണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.