ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആവേശകരമായ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തി. 254 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ഓവര്‍ വരെ പോരാട്ടം നീട്ടിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 48 പന്തില്‍ 105 റണ്‍സുമായി ജേക്കബ് ബെഥേല്‍ നടത്തിയ തകര്‍പ്പന്‍ ഇന്നിങ്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഘട്ടത്തില്‍ ഇന്ത്യ പിടിച്ചുകെട്ടി. അവസാന മൂന്ന് ഓവറില്‍ 45 റണ്‍സ് വേണമെന്നിരുന്ന ഇംഗ്ലണ്ടിനെ ജസ്പ്രീത് ബുമ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും സമ്മര്‍ദ്ദത്തിലാക്കി. അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു.
അതിന് മുമ്പ് ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സിന്റെ വമ്പന്‍ സ്കോറിന് അടിത്തറ പാകിയത് സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്സാണ്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ടീമിന്റെ ടോപ് സ്കോററായി. ശിവം ദുബെ 43, ഇഷാന്‍ കിഷന്‍ 39, ഹാര്‍ദ്ദിക് പാണ്ഡ്യ 27, തിലക് വര്‍മ 21 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും വീണ്ടും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി വില്‍ ജാക്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഫില്‍ സാള്‍ട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ എന്നിവരെ പുറത്താക്കി ഇന്ത്യ മത്സരത്തില്‍ മുന്‍തൂക്കം നേടി. എന്നാല്‍ ജേക്കബ് ബെഥേലും വില്‍ ജാക്സും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മത്സരം ആവേശകരമാക്കി. ഒടുവില്‍ ജാക്സ് പുറത്തായതും അവസാന ഓവറില്‍ ബെഥേല്‍ റണ്ണൗട്ടായതുമാണ് ഇന്ത്യയ്ക്ക് വിജയം ഉറപ്പാക്കിയത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.











Leave a Reply