ഫാ. ഹാപ്പി ജേക്കബ്ബ്

വലിയ നോമ്പിലെ നാലാം ആഴ്ചയിലേക്ക് ചിന്തീഭവിക്കുന്നത് വി. മത്തായി 15: 21 – 31 വരെയുള്ള വാക്യങ്ങളാണ്. പഴയ കാലങ്ങളിൽ അതിരുകളും വരമ്പുകളും സാങ്കല്പികങ്ങളായിരുന്നു. മനുഷ്യൻ ബൗദ്ധികമായി വളരുന്തോറും സ്വകാര്യത അത്യാവശ്യമായി വന്നു. മറ്റുള്ളവരുടെ വ്യാപാരങ്ങളിൽ ഇടപെടാറില്ല എന്ന വ്യാജ വ്യാഖ്യാനം നൽകി തങ്ങളുടെ മാത്രം എന്ന അവകാശം കെട്ടിപ്പടുത്തു. സാങ്കൽപ്പികങ്ങൾ മാറി വേലികളും അതിർവരമ്പുകളുമായി പരിണമിച്ചു. പിന്നെയും മാറ്റമുണ്ടായി മതിലുകളും എന്തിനേറെ മുൾ മുനകളും മൂർച്ചയേറിയ ലോഹ മതിലുകളും ജയിലുകളെ പോലെയുള്ള ജീവിതത്തിലും എത്തിച്ചേർന്നു. ഗ്രാമത്തിലെ ഒരു കിണർ എല്ലാ ഗ്രാമവാസികളുടെയും ദാഹം തീർത്തിരുന്നുവെങ്കിൽ ഇന്ന് ആ അവകാശം പോലും പൊയ് പോയിരിക്കുന്നു എവിടെയും എൻറെ നിൻറെ എന്നതിനപ്പുറം നമ്മുടെ എന്ന് കേൾക്കാൻ അവസരം ഇല്ലാതായി വരുന്നു.

മതങ്ങളും ദൈവങ്ങളും പോലും ഈ കാഴ്ചപ്പാടിൽ നിന്ന് അന്യരാവുന്നില്ല. ഈ വേദഭാഗം അതിരില്ലാത്ത കൃപാ വ്യാപനം നമുക്ക് കാണിച്ച് തരുന്നു. രക്ഷ യഹൂദന് മാത്രമല്ല സർവ്വജനതയ്ക്കും അവകാശം ഉണ്ടെന്ന് ഈ ഭാഗം തെളിയിക്കുന്നു. സ്വന്തം ജനങ്ങൾ പാർക്കുന്ന ഇടത്ത് നിന്ന് സോർ സീദോൻ പ്രവശ്യകളിലേക്ക് സഞ്ചരിക്കുന്നു. അവിടെ കടന്നുവന്ന ഒരു കനാന്യ സ്ത്രീ വന്ന് തന്റെ മകൾക്ക് സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു. പുറജാതിക്കാരി സ്ത്രീ ആണെങ്കിലും ദാവീദ് പുത്രൻ ആണ് മിശിഹാ എന്ന് അവൾ സാക്ഷിക്കുന്നു.

അവർ തമ്മിലുള്ള സംസാരം എത്രയും ശ്രദ്ധേയമാണ്. ഇസ്രയേലിലെ കാണാതെ പോയിട്ടുള്ള ആടുകളുടെ അടുത്തേക്കാണ് എന്നെ അയച്ചിരിക്കുന്നത് എന്ന് പറയുമ്പോൾ അവൾ ഒരു ചെറിയ പ്രാർത്ഥന സമർപ്പിക്കുന്നു; കർത്താവേ എന്നെ സഹായിക്കേണമേ. ചെറുതെങ്കിലും ഏറ്റവും ശക്തിയേറിയ പ്രാർത്ഥന. പിന്നീട് അവൾ പറയുന്നു; മേശയിൽ നിന്ന് വീഴുന്ന നുറുക്കുകൾ മതി തന്റെ മകൾക്ക് സൗഖ്യം ലഭിക്കുവാൻ അവൾ പ്രതിവചിക്കുന്നു. അവളുടെ വിശ്വാസം കണ്ടിട്ട് മകൾക്ക് സൗഖ്യം ലഭിക്കുന്നു.

മൂന്ന് പ്രധാന ചിന്തകൾ ഈ ഭാഗം നമുക്ക് നൽകുന്നു. സ്ഥിരതയുള്ള വിശ്വാസം , എത്ര തടസ്സങ്ങൾ വന്നാലും നിലനിൽക്കുന്ന വിശ്വാസം എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു. മൗനം, നിരാകരണം നിരുത്സാഹം ഇതൊന്നും അവളെ മാറ്റി നിർത്തിയില്ല. ക്ഷണനേരം കൊണ്ട് നമ്മുടെ ആവശ്യങ്ങൾ നടന്നില്ല എങ്കിൽ പിന്തിരിഞ്ഞ് പോകുന്ന നമ്മുടെ സ്വഭാവരീതി തിരുത്തുവാൻ ഈ കനാന്യ സ്ത്രീ കാരണം ആകുന്നു. രണ്ടാമതായി അവളുടെ വിനയം. അത്ഭുതമല്ല അവളുടെ ആഗ്രഹം, കരുണയാണ് അവൾ അപേക്ഷിക്കുന്നത്. ആഗ്രഹം നേരായിരുന്നത് കൊണ്ട് ക്ഷണ നേരത്തിൽ അവൾക്ക് പ്രാപ്യമാകുന്നു. മൂന്നാമത് കരുണയുടെ ഭാവം. രക്ഷ ഒരു പ്രത്യേക ജാതിയുടെ അവകാശം അല്ല എന്ന് കർത്താവ് പഠിപ്പിക്കുന്നു. പരിമിതമായ പ്രവർത്തനം അല്ല കർത്താവിന്റേത് എന്നുംകൂടി നാം മനസ്സിലാക്കണം. ജാതിയോ മതമോ രാഷ്ട്രമോ ദേശമോ ഒന്നും കാരണമാകുന്നില്ല പകരം വിശ്വാസവും സ്ഥിരതയും ഭക്തിയും രക്ഷക്കായി ഒരുക്കുന്നു. കനാന്യ സ്ത്രീയെ പോലെ പ്രാർത്ഥിപ്പാൻ നമുക്കും കടന്നുവരാം. ലക്ഷ്യം കർതൃകൃപ നമ്മളിൽ പ്രവഹിക്കുവാൻ ഇടയാകണം. തടസ്സങ്ങൾ ഏറെയുണ്ടാവാം എന്നാലും അവസാനത്തോളം ക്ഷമയോടെ കാത്തിരിക്കുവാൻ ശീലിക്കുക. ചെറിയ പ്രാർത്ഥന “കർത്താവേ എന്നെ സഹായിക്കണമേ”. ഇതൊരു ശീലമാക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാർത്ഥനയിൽ

ഫാദർ ഹാപ്പി ജേക്കബ്

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu

https://youtube.com/@aalap-123?si=v2Kfhv6Vn3926qKX