ന്യൂസ് ഡെസ്ക്, മലയാളം യുകെ

അമേരിക്ക–ഇറാൻ യുദ്ധസാഹചര്യം തുടരുന്നതിനെ തുടർന്ന് ബ്രിട്ടനിൽ വിലക്കയറ്റം ഉയരാൻ സാധ്യതയുണ്ടെന്ന് ചാൻസലർ റേച്ചൽ റീവ്സ് മുന്നറിയിപ്പ് നൽകി. യുദ്ധം വേഗത്തിൽ അവസാനിക്കാത്ത പക്ഷം ഇന്ധനവും ഊർജ്ജവിലയും കൂടുകയും അതിന്റെ പ്രതിഫലനം സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവിൽ പ്രകടമാകുകയും ചെയ്യുമെന്ന് അവർ പാർലമെന്റിൽ പറഞ്ഞു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവില ഉയർന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഈ വർഷം മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘർഷം ശക്തമായതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ഘട്ടത്തിൽ ബാരലിന് 119.50 ഡോളർ വരെ ഉയർന്നു. പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്യുദ്ധം ഉടൻ അവസാനിക്കാമെന്ന സൂചന നൽകിയതിനെ തുടർന്ന് വില 90 ഡോളറിന് താഴെയായി. എങ്കിലും ഹോർമൂസ് കടലിടുക്കിലൂടെ ലോകത്തെ പ്രകൃതി വാതകത്തിന്റെ ഏകദേശം 20% കടന്നു പോകുന്നതിനാൽ അവിടെ തടസ്സം ഉണ്ടായാൽ ബ്രിട്ടന്റെ ഊർജ്ജവിതരണത്തിന് വലിയ തിരിച്ചടിയാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം നീണ്ടാൽ എല്ലാവരുടെയും ജീവിതത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.

ഇതിനിടെ ഗ്രാമപ്രദേശങ്ങളിലെ വീടുകൾക്ക് വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്. ഏകദേശം 15 ലക്ഷം വീടുകൾ ഗ്യാസ് ഗ്രിഡിന് പുറത്തായതിനാൽ ഹീറ്റിംഗ് ഓയിൽ വില വർധനവ് നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില സ്ഥലങ്ങളിൽ എണ്ണവില 100 ശതമാനത്തിലധികം ഉയർന്നതായി എംപിമാർ ചൂണ്ടിക്കാട്ടി. കമ്പനികൾ അനാവശ്യമായി വില ഉയർത്തുന്നത് അനുവദിക്കില്ലെന്നും സർക്കാർ ആവശ്യമായ ഇടപെടലുകൾ പരിഗണിക്കുകയാണെന്നും റീവ്‌സ് വ്യക്തമാക്കി. എന്നാൽ സെപ്റ്റംബറിൽ 5 പൈസ ഇന്ധന നികുതി വർധിപ്പിക്കുന്ന തീരുമാനം സർക്കാർ പിൻവലിക്കില്ലെന്നും അവർ പറഞ്ഞു.