ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുകയാണെങ്കിൽ അടുത്ത ഏതാനും ആഴ്ചകളിൽ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വില ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ സംഘർഷം ആഗോള വ്യാപാരത്തെയും ഗതാഗതത്തെയും ബാധിക്കുന്നതിനാൽ വിതരണ ശൃംഖലയിൽ വലിയ സമ്മർദ്ദം ഉണ്ടാകുമെന്ന വാർത്തകളാണ് വ്യാപിക്കുന്നത് . ഷിപ്പിംഗ് ചാർജ് വർധിക്കൽ, ഇൻഷുറൻസ് ചെലവുകൾ ഉയരുക, ഇന്ധനവില കൂടുക, വിമാന ചരക്കുസേവനങ്ങളുടെ അപര്യാപ്തത എന്നിവയാണ് പ്രധാനമായും വില വർധനയ്ക്ക് കാരണമാകുന്നത്. ഇതിന്റെ ഫലമായി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വരും.

സാധാരണയായി യൂറോപ്പിലേക്കും പ്രത്യേകിച്ച് ബ്രിട്ടനിലേക്കും സാധനങ്ങൾ എത്തിക്കുന്ന പ്രധാന കടൽപാതകൾ ഇപ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കാരണം പൂർണമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് . ഇതിന്റെ പശ്ചാത്തലത്തിൽ വിതരണക്കാർ ചരക്കുകൾ ആഫ്രിക്കയിലെ ഗുഡ് ഹോപ് മുനമ്പ് വഴി തിരിച്ചു അയക്കുകയാണ്. ഇതിലൂടെ ഏകദേശം 6000 കിലോമീറ്റർ അധിക ദൂരം യാത്ര ചെയ്യേണ്ടിവരുന്നുണ്ട് . ഈ നീണ്ട യാത്ര ഗതാഗതച്ചെലവ് വർധിപ്പിക്കുന്നതോടൊപ്പം ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം രണ്ടാഴ്ച വരെ കൂടുതൽ സമയം എടുക്കുന്നതിനും കാരണമാകും.

ഗതാഗതവും വിതരണച്ചെലവും ഉയരുന്നതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയും സ്വാഭാവികമായി വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പല സൂപ്പർമാർക്കറ്റുകളും ഭാവിയിലെ ക്ഷാമം കണക്കിലെടുത്ത് സാധനങ്ങൾ മുൻകൂട്ടി വലിയ തോതിൽ വാങ്ങി സംഭരിക്കാൻ തുടങ്ങുന്ന സാഹചര്യവും നിലവിലുണ്ട് . അതിനാൽ ഇപ്പോഴുള്ള പ്രതിസന്ധി അവസാനിച്ചാലും വിപണിയിലെ വില ഉടൻ കുറയാൻ സാധ്യത കുറവാണെന്ന് അവർ പറയുന്നു. സംഭരണത്തിന്റെയും വിതരണത്തിന്റെയും ചെലവ് ഉയരുന്നതുമൂലം ഉപഭോക്താക്കൾക്ക് ദീർഘകാലം കൂടിയ വില നൽകേണ്ടി വരുമെന്ന ആശങ്കയാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.











Leave a Reply