ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണവില ഉയർന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ പെട്രോൾ വില വർധനയെ ചുറ്റിപ്പറ്റി സർക്കാരും പെട്രോൾ റീട്ടെയ്‌ലർമാരും തമ്മിൽ തർക്കം രൂക്ഷമായി. ചില പമ്പുകൾ അന്യായമായി വില ഉയർത്തി ലാഭം കണ്ടെത്തുകയാണെന്ന സർക്കാർ ആരോപണത്തെ തുടർന്ന് വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പെട്രോൾ റീട്ടെയ്‌ലേഴ്സ് അസോസിയേഷൻ പിന്മാറി. യുദ്ധസാഹചര്യം മുതലെടുത്ത് ലാഭക്കച്ചവടം നടത്തുന്നത് അനുവദിക്കില്ലെന്നും അന്യായ വിലവർധന തടയാൻ മത്സരനിയന്ത്രണ അതോറിറ്റി സജ്ജമാണെന്നും ഊർജ മന്ത്രി വ്യക്തമാക്കി.

റീട്ടെയ്‌ലർമാരുടെ സംഘടന ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ‘തട്ടിപ്പ്’ നടത്തുന്നതു പോലുള്ള ആരോപണങ്ങൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും ചില സ്ഥലങ്ങളിൽ പമ്പ് ജീവനക്കാരോട് അപമാനകരമായ പെരുമാറ്റം ഉണ്ടായതായും അവർ അറിയിച്ചു. നിലവിലെ ബുദ്ധിമുട്ടുകൾക്കിടയിലും ഉപഭോക്താക്കൾക്ക് മത്സരക്ഷമമായ നിരക്കിൽ ഇന്ധനം നൽകാൻ ശ്രമിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം ആഗോള എണ്ണവിതരണത്തിൽ ഉണ്ടായ തടസ്സമാണ് പെട്രോൾ വില വർധനയ്ക്ക് പ്രധാന കാരണം. ചില പമ്പുകളിൽ ലിറ്ററിന് £1.27 മുതൽ £1.80 വരെ വില വ്യത്യാസം കാണപ്പെടുന്നതായി സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഉപയോഗിക്കുന്ന ഹീറ്റിങ് ഓയിലിന്റെ വിലയും കുത്തനെ ഉയർന്നതോടെ ചില വീടുകളിൽ ചെലവ് ഇരട്ടിയായതായി പരാതിയുണ്ട്. നിലവിൽ ഇന്ധന നികുതി ഫ്രീസ് ചെയ്തിരിക്കുമ്പോഴും സെപ്റ്റംബറിൽ അത് ഉയരാനുള്ള സാധ്യത സർക്കാർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.











Leave a Reply