ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ മുഴുവൻ തീരരേഖയെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തീരദേശ പാത ചാൾസ് രാജാവ് ജനങ്ങൾക്കായി തുറന്നുകൊടുത്തു . 2,689 മൈൽ നീളമുള്ള കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത് എന്ന ഈ പദ്ധതി നാചുറൽ ഇംഗ്ലണ്ട് ആണ് രൂപകൽപ്പന ചെയ്തത് . 18 വർഷം കൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമായത്. മണൽതീരങ്ങൾ, പാറക്കെട്ടുകൾ, തീരനഗരങ്ങൾ തുടങ്ങി ഇംഗ്ലണ്ടിന്റെ വൈവിധ്യമാർന്ന തീരഭൂപ്രകൃതികളെ ഒന്നിച്ച് ബന്ധിപ്പിക്കുന്ന ഈ പാതയുടെ ഏകദേശം 80 ശതമാനം ഭാഗം ആണ് പൊതുജനങ്ങൾക്കായി തുറന്നത്.

ഈ പാതയിലെ പ്രധാന ആകർഷണങ്ങളിൽ സെവൻ സിസ്റ്റേഴ്സ് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ചാനൽ തീരത്ത് സ്ഥിതി ചെയ്യുന്ന വെള്ള നിറത്തിലുള്ള ചുണ്ണാമ്പുകല്ല് പാറകളാൽ രൂപപ്പെട്ട ഏഴ് മലനിരകളുടെ കൂട്ടമാണിത്. കടലിലെ തിരമാലകളുടെ അവശിഷ്ടങ്ങളിൽ നിന്ന് രൂപം കൊണ്ട ഈ പാറകൾ കാലക്രമേണ പതുക്കെ ഇടിഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഈസ്റ്റ് സസ്സെക്സ് മേഖലയിലെ ഈ പ്രകൃതി സൗന്ദര്യം സൗത്ത് ഡൗൺസ് പ്രദേശത്തിന്റെ ഭാഗമാണ്. കൂടാതെ ഇത് ഒരു പ്രകൃതി സംരക്ഷണ കേന്ദ്രവും ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലുള്ള പാതകളെ നവീകരിച്ചതിനൊപ്പം ആയിരത്തിലധികം മൈൽ പുതിയ പാതകളും നിർമ്മിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ മുൻനിർത്തി തീരദേശം മാറുന്ന സാഹചര്യത്തിൽ പാത ഉൾനാടൻ ഭാഗങ്ങളിലേക്ക് മാറ്റാനുള്ള സംവിധാനം നിയമപരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി സംഘടനകൾ ദശാബ്ദങ്ങളായി ആവശ്യപ്പെട്ടിരുന്ന ഈ പദ്ധതി പൊതുജനങ്ങൾക്ക് തീരപ്രദേശങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











Leave a Reply