ഫാ. ഹാപ്പി ജേക്കബ്ബ്
“ഓശാന പെരുന്നാൾ ” ക്രിസ്തുവിൻറെ വിനീതമായതും മഹിമാ പൂർണ്ണമായതുമായ യെറുശലേമിലേക്കുള്ള പ്രവേശനത്തെ സൂചിപ്പിക്കുന്ന വലിയ ആഘോഷമാണ്. രക്ഷകനെ കാത്തിരിക്കുന്ന ജനതയ്ക്ക് ഇതിൽപരം എന്ത് ഭാഗ്യമാണ് ലഭിക്കാനുള്ളത്? ജനത കാത്തിരുന്നു, രാജകൊട്ടാരങ്ങളിൽ നിന്ന് ഒരു രാജാവ് വരും എന്ന്. ജനന ദിവസം കിഴക്ക് നിന്ന് വന്ന വിദ്വാൻമാർ കൊട്ടാരത്തിൽ ചെന്ന് അന്വേഷിക്കുന്നു, രാജാവായി പിറന്നവൻ എവിടെ എന്ന്. എന്നാൽ ഐഹികമായി രാജ്യം ഇല്ലാത്ത രാജാവിന് എന്ത് കൊട്ടാരം എന്ത് രാജ്യം.
ലാസറിനെ ഉയർപ്പിച്ചു എന്ന് കേട്ടപ്പോൾ തന്നെ ജനം തീരുമാനിച്ചു ഇവനെ നേതാവാക്കണം എന്ന്. അത്ഭുതങ്ങൾ മാത്രം അല്ല ജീവൻ കൂടി നൽകുവാൻ കഴിയും എന്ന് അവൻ സ്ഥാപിച്ച് കഴിഞ്ഞു. അങ്ങനെ കാത്തിരുന്ന ജനം, പെരുന്നാളിന് നഗരത്തിൽ ഉണ്ടായിരുന്ന എല്ലാവരും അവിടെ എത്തി. വി. മർക്കോസ് 11: 1 – 11.
എന്നാൽ യേശു രണ്ടുപേരെ നഗരാതിർത്തിയിലേക്ക് അയക്കുന്നു. അവിടെ കെട്ടിയിരിക്കുന്ന കഴുതയെ അഴിച്ചു കൊണ്ട് വരുവാൻ. ശക്തിയുടെ പ്രതീകമായ രാജകീയ അടയാളമല്ല അവൻ അന്വേഷിച്ചത് പകരം വിനയത്തിന്റെ പ്രതീകമായ രാജത്വം, പ്രവചനങ്ങളുടെ നിവൃത്തിയുമാണ്. അവൻ കഴുതപ്പുറത്ത് കയറി വരുമ്പോൾ ജനം വസ്ത്രം വഴിയിൽ വിരിച്ചു, ഒലിവിലകൾ ഏന്തി കൊണ്ട് ഹോശന്നാ, കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു – എന്ന് ആർത്ത് വിളിച്ചു .
അന്നും ഇന്നും നാം കാണുന്ന രാജാക്കന്മാരും നേതാക്കന്മാരും ഭൗതിക ബലത്തിലും ശക്തിയിലും ആശ്രയിക്കുന്നവരാണ്. യുദ്ധത്തിലും ഭീഷണിയിലും ബലപ്രയോഗത്തിലും ശക്തി തെളിയിച്ച് രാജാവായവരെ നമുക്ക് അറിയാം. എന്നാൽ സമാധാനത്തിലും, ത്യാഗത്തിലും സ്നേഹത്തിലും ജനമനസ്സുകളിൽ കയറി കൂടിയവൻ വേറെ ആരുണ്ട് . ഇത്ര ആർപ്പ് വിളിയോടെ രാജാവിനെ സ്വീകരിച്ചെങ്കിലും അവന്റെ രാജ്യത്തെക്കുറിച്ച് അവർ ബോധവാന്മാരായിരുന്നില്ല. അവരുടെ കാഴ്ചപ്പാടുകൾ ഒരു നേതാവിനെയോ, രക്ഷകനെയോ മാത്രം കാണുന്നവയായിരുന്നു. അതായിരിക്കാം അവർ ആർത്ത് വിളിച്ചത്. ഹോശന്നാ – ഇപ്പോൾ രക്ഷിക്കണമേ. വാക്കുകളിൽ ഉള്ള സ്വാഗതം വളരെ എളുപ്പമാണ്. പക്ഷേ രാജ്യം എന്താണെന്നും, ഹൃദയങ്ങളിലേക്കാണ് അവനെ സ്വാഗതം ചെയ്യേണ്ടതും എന്ന് തിരിച്ചറിയുമ്പോൾ പലരും അവനെ ക്രൂശിക്ക എന്ന് ആർക്കും. കാരണം അവന്റെ രാജ്യം ഐഹികമല്ല. അതിനാൽ നമ്മുടെ ഇഹത്തിലെ പലതും നാം അവനുവേണ്ടി ഉപേക്ഷിക്കേണ്ടിവരും. യഥാർത്ഥമായും ഹോശാന്നാ നാം പാടുമെങ്കിൽ അവൻ നമ്മുടെ രാജാവായി കടന്നുവരും. അതിനുവേണ്ടി ഹൃദയങ്ങളെ തുറന്ന് കൊടുക്കണം. അവൻ നമ്മുടെ രാജാവും ഭരണകർത്താവും ആയി തീരട്ടെ.
നമ്മുടെ തീരുമാനങ്ങളും ആലോചനയും എല്ലാം അവൻ നിയന്ത്രിക്കട്ടെ. നമ്മുടെ ഭയവും ആശങ്കയും എല്ലാം കൃപകളായി ഭവിക്കട്ടെ. ലോകം പല സുഖസൗകര്യങ്ങളും നമുക്ക് വാഗ്ദാനം ചെയ്തിരിക്കാം. എന്നാൽ യഥാർത്ഥ സമാധാനം ക്രിസ്തു എന്ന രാജാവ് നൽകുന്നതാണ്. ഇത് താത്കാലികമല്ല, നിത്യമായും അനുഭവിപ്പാൻ നമ്മെ പ്രാപ്തനാക്കും.
ഹോശാന്നാ വിളിച്ച പലരും അവനെതിരെ തിരിയുന്നു. വിശ്വാസം ഒരിക്കലും വൈകാരികമോ താത്കാലികമോ ആയിരിക്കരുത്. അത് പ്രതിബന്ധതയിലും വിശ്വാസത്തിലും ആഴത്തിൽ ആയിരിക്കണം. കുരുത്തോലകളും ഓശാനകളും മാത്രം ഒതുങ്ങാതെ നമ്മുടെ ഹൃദയവാതിലുകൾ തുറക്കാം. രാജാവ് പ്രവേശിക്കട്ടെ. യഥാർത്ഥ സന്തോഷവും സമാധാനവും സൗഖ്യവും നൽകി അവൻ നമ്മെ നിലനിർത്തട്ടെ. ഹോശാന്നാ, കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു .
ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
https://youtube.com/@aalap-123?si=v2Kfhv6Vn3926qKX











Leave a Reply