ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാംപ്ഷയറിലെ ഈസ്റ്റ്ലിയിൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമായ റോബ്ലോക്സ് വഴി പരിചയപ്പെട്ട 14 കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പത്തൊൻപതുകാരന് 28 മാസം തടവ് ശിക്ഷ. നിരന്തരം സന്ദേശങ്ങൾ അയച്ച് വിശ്വാസം നേടിയ കാർലോ ട്രിട്ട എന്ന പത്തൊൻപതുകാരനായ പ്രതി പെൺകുട്ടിയെ അശ്ലീല ചിത്രങ്ങൾ അയയ്ക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പെൺകുട്ടി ഇത് പ്രണയബന്ധമാണെന്ന് കരുതിയിരുന്നുവെങ്കിലും അത് ചൂഷണമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കൽ, ലൈംഗിക ആശയവിനിമയം നടത്തൽ, 13–15 വയസ്സുള്ള കുട്ടിയെ ലൈംഗിക പ്രവർത്തനം കാണിക്കാൻ പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചു. കേസിൽ നിന്ന് പിന്മാറാൻ പെൺകുട്ടിയെ സമ്മർദത്തിലാക്കാൻ ഇയാൾ വീട്ടിലെത്തിയതിനെ തുടർന്ന്, സാക്ഷിയെ ഭീഷണിപ്പെടുത്തൽ, സ്വത്ത് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തപ്പെട്ടിരുന്നു .

പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണെന്ന് അറിയാമായിരുന്നിട്ടും ഇയാൾ ചെയ്ത പ്രവൃത്തികൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. 2025 ഓഗസ്റ്റിൽ പെൺകുട്ടിയുടെ ഫോണിലെ സന്ദേശം അമ്മ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്; തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യങ്ങൾ വെളിപ്പെട്ടത്.











Leave a Reply