ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗൾഫ് സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ഇറാൻ സംഘർഷം രൂക്ഷമായതിലുള്ള അതൃപ്തി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രകടിപ്പിച്ചു. “ഒരു തലമുറയെ ബാധിക്കുന്ന സംഭവമാണിതെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത് . മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക–ഇറാൻ യുദ്ധവിരാമം ഇപ്പോഴും “ദുർബലവും അനിശ്ചിതത്വമുള്ളതുമാണ്” എന്ന് വിലയിരുത്തിയ സ്റ്റാർമർ, സ്ഥിരത കൈവരിക്കാൻ മേഖലാ സഹകരണം നിർണായകമാണെന്നും വ്യക്തമാക്കി. പ്രധാന എണ്ണ-വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് പ്രശ്നപരിഹാരത്തിന്റെ കേന്ദ്രഘടകമാകണമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘർഷം ശക്തമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പൽഗതാഗതം താറുമാറായിരുന്നു . ഇതോടെ എണ്ണ, വാതകം, വളം എന്നിവയുടെ ആഗോള വിതരണ ശൃംഖലയിൽ ഗുരുതരമായ തടസമുണ്ടായി. ഇതിന്റെ പ്രതിഫലമായി യുകെയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇന്ധനവിലയും ഭക്ഷ്യവിലയും കുത്തനെ ഉയർന്നു. രാജ്യത്തെ കുടുംബങ്ങൾ ദിനംപ്രതി ചെലവുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, “പുടിൻ ആയാലും ട്രംപ് ആയാലും അവരുടെ തീരുമാനങ്ങളാൽ സാധാരണ ജനങ്ങളുടെ ബില്ലുകൾ ഉയരുന്നത് അസ്വീകാര്യമാണെന്ന്” സ്റ്റാർമർ പ്രതികരിച്ചു. രാജ്യത്തെ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകാതിരിക്കാൻ സർക്കാർ നടപടികൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ ഉക്രൈൻ അധിനിവേശം ഊർജ്ജവിലയിൽ വൻ വർധനവിന് കാരണമായിരുന്നു. ഇതേ തുടർന്ന് മുൻ കൺസർവേറ്റീവ് സർക്കാർ സഹായപദ്ധതികൾ നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അതേ രീതിയിൽ വ്യാപക സഹായം നൽകുന്നതിന് പകരം ഏറ്റവും പ്രശ്ന ബാധിതരായ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സഹായപദ്ധതികളായിരിക്കും പരിഗണിക്കുകയെന്ന് സ്റ്റാർമർ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പ്രായോഗിക മാർഗങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില നിയന്ത്രിക്കുകയും ആഗോള വിപണിയിൽ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ് എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.