ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കോവിഡ് മഹാമാരിയ്ക്ക് ശേഷം ആദ്യമായി കരിമരുന്ന് പ്രയോഗം നടത്തി യുകെ പുതുവർഷത്തെ വരവേറ്റു. മഴയും മഞ്ഞും കാരണം കാലാവസ്ഥ മോശമായിരുന്നെങ്കിലും ജനങ്ങൾ 2023 നെ വരവേൽക്കാൻ തെരുവുകളിലിറങ്ങി. ലണ്ടനിൽ നടത്തിയ കരിമരുന്ന് പ്രയോഗം അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായിരുന്നു. ആഹ്ളാദ പാർട്ടിയിൽ 100,000-ത്തിലധികം ആളുകൾ പങ്കെടുത്തു. അതേസമയം എഡിൻബർഗിലെ ലോകപ്രശസ്തമായ ഹോഗ്മാനേ തെരുവിൽ നടന്ന പാർട്ടിയിലും വൻ പങ്കാളിത്തമായിരുന്നു.

2019 ന് ശേഷം ലണ്ടനിൽ നടന്ന ന്യൂ ഇയർ പാർട്ടിയിൽ വൻ ജനാവലിയാണ് ഒത്തുകൂടിയത്. തേംസ് എംബാങ്ക്‌മെന്റിൽ 12 മിനിട്ടാണ് വെടിക്കെട്ട് നടന്നത്. പ്രസ്തുതപരിപാടിയെ യുകെയിലെ ഏറ്റവും വലിയ ഒത്തുകൂടൽ എന്നാണ് മേയർ സാദിഖ് ഖാൻ വിശേഷിപ്പിച്ചത്. ബിഗ് ബെന്നിൽ മണിനാദം മുഴങ്ങിയപ്പോഴാണ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. പല നിറങ്ങളാൽ വർണശബളമായ കരിമരുന്ന് പ്രയോഗം ജനത്തെ ആനന്ദത്തിൽ ആറാടിക്കുകയായിരുന്നു.

എലിസബത്ത് രാജ്ഞിയുടെ ഓർമ്മകൾ പുതുക്കുന്നത് ആയിരുന്നു വിവിധ പരിപാടികൾ. സംഗീതവും, രാജ്ഞിയുടെ ശബ്ദ റെക്കോർഡിംഗും ഡാം ജൂഡി ഡെഞ്ചിന്റെ വാക്കുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഗേ ലിബറേഷൻ ഫ്രണ്ടിൽ നേതൃസ്ഥാനീയാനായ പീറ്റർ ടാച്ചലിന്റെ സന്ദേശത്തോടൊപ്പം വെമ്പ്ലിയിലെ ഐതിഹാസിക ഫുട്ബോൾ വിജയവും ആഘോഷിച്ചു. റഷ്യൻ അധിനിവേശത്തിൽ തകർന്ന ഉക്രൈനു പിന്തുണയായി നീലയും മഞ്ഞയും നിറത്തിൽ പടക്കങ്ങൾ പൊട്ടിച്ചതും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.