ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റിൽ കഴിഞ്ഞ മാസം മാരകമായി മെനിഞ്ചൈറ്റിസ് ബി പടർന്ന് പിടിച്ചതിനെ തുടർന്ന് ആദ്യ ഡോസ് സ്വീകരിച്ച ഏകദേശം 12,000 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകാൻ എൻഎച്ച്എസ് . രോഗം പിടിപെട്ടതിനെ തുടർന്ന് രണ്ട് പേർ മരിച്ചിരുന്നു . 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പേർക്ക് മെനിഞ്ചൈറ്റിസ് പടർന്നത് ആരോഗ്യ മേഖലയിൽ ആശങ്ക ഉയർത്തിയിരുന്നു. രോഗബാധയ്ക്ക് സാധ്യതയുണ്ടായിരുന്ന സർവകലാശാല വിദ്യാർത്ഥികളും സ്കൂൾ കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് അടിയന്തിര വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തിൽ തന്നെ വ്യാപനം നിയന്ത്രിക്കാൻ അധികൃതർ തീവ്രമായ നിരീക്ഷണവും കോൺടാക്ട് ട്രേസിംഗും ശക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാൻറ്റർബറി, ഫേവർഷം, ആഷ്ഫോർഡ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ച് അടുത്ത ആഴ്ച മുതൽ രണ്ടാം ഡോസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത് . വിവിധ കേന്ദ്രങ്ങളിലായി ക്ലിനിക്കുകളും ഹെൽത്ത് ഹബ്ബുകളും പ്രവർത്തിപ്പിച്ച് കൂടുതൽ ആളുകൾക്ക് വേഗത്തിൽ സേവനം നൽകാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. യോഗ്യരായവർക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ സമയം നിശ്ചയിച്ച് വാക്സിൻ സ്വീകരിക്കാൻ കഴിയും. സർവകലാശാല ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളും മെനിഞ്ചൈറ്റിസ് പകർച്ചയുമായി ബന്ധപ്പെട്ട നൈറ്റ് ക്ലബ്ബിൽ പങ്കെടുത്തവരെയും മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ നേരിട്ടുള്ള സന്ദേശങ്ങളും ഇമെയിൽ അറിയിപ്പുകളും വഴി ആളുകളെ വാക്സിനേഷൻ സംബന്ധിച്ച് ബോധവൽക്കരിക്കുന്നതും തുടരുകയാണ്.

വാക്സിൻ ആദ്യ ഡോസിന് ശേഷം കുറഞ്ഞത് നാല് ആഴ്ചയ്ക്കു ശേഷമാണ് രണ്ടാം ഡോസ് നൽകേണ്ടത്, എന്നാൽ ആവശ്യമെങ്കിൽ വൈകിയെങ്കിലും സ്വീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൂർണ്ണമായ പ്രതിരോധം ലഭിക്കാൻ രണ്ട് ഡോസുകളും നിർബന്ധമാണെന്നും ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ മെനിഞ്ചൈറ്റിസ് പകർച്ചയെ കുറിച്ച് “അസാധാരണമായ സാഹചര്യം” എന്നാണ് വിശേഷിപ്പിച്ചത്. കൂടുതൽ വിവരങ്ങളും ബുക്കിംഗ് മാർഗ്ഗനിർദേശങ്ങളും തിങ്കളാഴ്ച മുതൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.