ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രിയായാൽ നികുതി വെട്ടിച്ചുരുക്കുന്നതിന് മുമ്പായി പണപ്പെരുപ്പ തോത് കുറയ്ക്കുമെന്ന വാഗ്ദാനവുമായി ഋഷി സുനക്. “ഒരു രാജ്യം എന്ന നിലയിൽ നാം സാമ്പത്തിക മുൻഗണന നൽകേണ്ടത് പണപെരുപ്പത്തിനാണ്. പണപ്പെരുപ്പമാണ് എല്ലാവരെയും ദരിദ്രരാക്കുന്നത്. അത് പിടിച്ചുനിർത്തുക എന്നതാണ് പ്രധാനം. അതിന് ശേഷമാകും നികുതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുക.” സുനക് വ്യക്തമാക്കി. രാജ്യത്തെ പണപെരുപ്പ നിരക്ക് നിലവിൽ 9.1% ആണ്. ഇത് ഇനിയും ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. നികുതി ഉടനടി വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനമാണ് കൺസർവേറ്റീവ് പാർട്ടി നേതൃത്വ സ്ഥാനാർഥികൾ ഏവരും മുന്നോട്ട് വെക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് എത്തുമോ എന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. വാണിജ്യ മന്ത്രി പെന്നി മോർഡൗണ്ട്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുൻ മന്ത്രി കെമി ബാഡെനോക്ക്, വിദേശകാര്യ സമിതി ചെയർമാൻ ടോം തുഗെന്ധത് എന്നിവരാണ് സുനകിനൊപ്പം മൂന്നാം ഘട്ട വോട്ടെടുപ്പിലേക്ക് കടന്നവർ. തിങ്കളാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മത്സരരംഗത്ത് രണ്ടു പേർ മാത്രം ശേഷിക്കുന്ന തരത്തിൽ ജൂലൈ 21 വരെ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കും.

പാർലമെന്‍റേറിയൻമാർക്കിടയിൽ ഋഷിക്ക് വ്യക്തമായ പിന്തുണയുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പെന്നി മോർഡൌന്റിനാണ് മുൻതൂക്കം. മത്സരത്തിന്റെ അവസാന ഫലം നിർണയിക്കുന്നതും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ ഒന്നര ലക്ഷത്തിലധികം പേരുടെ വോട്ടുകളാണ്. ബോറിസ് ജോൺസന്റെ രാജിക്ക് കാരണമായ ആദ്യ രാജി ധനമന്ത്രിയായിരുന്ന ഋഷി സുനകിന്റേതായിരുന്നു.