ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസ്സെക്സിലെ ലീഡൻ റോഡിംഗിൽ വീടിനുള്ളിൽ നടന്ന നായയുടെ ആക്രമണത്തിൽ മരിച്ച 19 കാരിയായ യുവതിയുടെ ജെയ്മി-ലീയ ബിസ്കോ എന്ന പേരുകാരിയാണെന്ന് പോലീസ് വെളിപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.45ഓടെ അടിയന്തിര സേവന വിഭാഗം സ്ഥലത്തെത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു . രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു എന്ന് എസ്സെക്സ് പൊലീസ് അറിയിച്ചു. മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്താനിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ഡൻമോവിൽ നിന്നുള്ള 37 കാരനായ ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം വളർത്തുന്ന നായയെയാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ലർച്ചർ വർഗത്തിൽപ്പെട്ട നായയാണെന്ന് കരുതുന്നുവെങ്കിലും കൃത്യമായ ഇനം സ്ഥിരീകരിക്കാൻ പരിശോധനകൾ തുടരുകയാണ്.

അടുത്തടുത്ത ദിവസങ്ങളിൽ യുകെയിൽ നായയുടെ ആക്രമണത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പൊതുജനങ്ങളിൽ കടുത്ത ആശങ്ക ആണ് ഉയർത്തുന്നത് . ഏതാനും ദിവസം മുൻപ് റെഡ്കാറിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് സമാനമായ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും സമൂഹത്തെ നടുക്കിയിരുന്നു. പുതിയ സംഭവവികാസങ്ങൾ നായകളുടെ നിയന്ത്രണം, ഉടമകളുടെ ഉത്തരവാദിത്വം, പൊതുസുരക്ഷ എന്നിവ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.











Leave a Reply