കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് നൽകിയ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. സംഭവത്തിൽ സാമൂഹിക നീതി ലംഘനം ഉണ്ടായിരിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സംസ്ഥാന ഡിജിപിയോട് അഞ്ച് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയതോടെ കേസ് ദേശീയ തലത്തിലും ശ്രദ്ധ നേടുകയാണ്.
സംഭവത്തെ തുടർന്ന് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കെഎസ്‍യു, എംഎസ്എഫ് പ്രവർത്തകർ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ക്യാമ്പസിനകത്ത് കുത്തിയിരുന്ന് സമരം ചെയ്തു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ തർക്കാവസ്ഥ ഉണ്ടാകുകയും തുടർന്ന് പൊലീസ് ബലംപ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നേരെ അനീതിയുണ്ടായതായി ആരോപിച്ച് കൂടുതൽ ശക്തമായ സമരങ്ങൾക്ക് സംഘടനകൾ ഒരുങ്ങുന്ന സാഹചര്യമാണ്. കോളേജ് പരിസരത്ത് പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒന്നാമത്തെത് അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടതും രണ്ടാമത്തെത് നിതിൻ രാജ് വായ്പ എടുത്തതായി പറയുന്ന ലോൺ ആപ്പിനെതിരെയുമാണ്. ലോൺ ആപ്പുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സസ്പെൻഷനിലായ ചില അധ്യാപകർ ഒളിവിലാണെന്നാണ് സൂചന, ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനാൽ അറസ്റ്റ് സാധ്യത ഉയർന്നിട്ടുണ്ട്. സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്, കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.











Leave a Reply