ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത്പോർട്ടിൽ 2024 ജൂലൈ 29ന് നൃത്തക്ലാസിനിടെ നടന്ന ആക്രമണത്തിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ, പ്രതിയായ ആക്സൽ റുഡാകുബാനയെ മുൻകൂട്ടി തടയാനാകുമായിരുന്നു എന്ന പൊതു അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . ജഡ്ജി സാർ അഡ്രിയൻ ഫുൾഫോർഡ് അധ്യക്ഷനായ അന്വേഷണത്തിൽ, മാതാപിതാക്കളും വിവിധ ഏജൻസികളും കൃത്യമായ നടപടി കൈക്കൊള്ളാത്തതാണ് കൊടും ക്രൂരത നടക്കാൻ കാരണമായത് എന്നാണ് കണ്ടെത്തിയത് . പ്രതിയുടെ സംശയാസ്പദമായ പെരുമാറ്റം മാതാപിതാക്കൾ സമയത്ത് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ, പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സാധിക്കുമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ആറു വയസ്സുകാരി ബീബി കിംഗ്, ഏഴ് വയസ്സുകാരി എൽസി ഡോട്ട് സ്റ്റാൻകോംബ്, ഒൻപത് വയസ്സുകാരി ആലിസ് ഡ സിൽവ അഗിയാർ എന്നിവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വിവിധ ഏജൻസികൾ തമ്മിലുള്ള വിവര പങ്കിടലിലെ വീഴ്ചയും ഉത്തരവാദിത്വം കൈമാറുന്ന രീതിയും ഗുരുതരമായ വീഴ്ചയായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലാങ്കാഷയർ പൊലീസ്, പ്രിവെന്റ് പ്രോഗ്രാം, എൻഎച്ച്എസ് മാനസികാരോഗ്യ സേവനങ്ങൾ, സാമൂഹ്യപരിചരണ വിഭാഗങ്ങൾ എന്നിവയുടെ ഇടപെടലുകൾ ഫലപ്രദമല്ലാതിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് . പ്രതിയുടെ ഓട്ടിസം അവസ്ഥയെ പലപ്പോഴും “ഒഴിവാക്കൽ കാരണം” ആയി കണക്കാക്കിയതും, ഇന്റർനെറ്റിലെ ഹിംസാത്മക ഉള്ളടക്കത്തെ അവഗണിച്ചതും അപകടസാധ്യത വർധിപ്പിച്ചുവെന്ന് കണ്ടെത്തി.ഇയാൾ നടത്തിയ 2019ലെ സ്കൂൾ ആക്രമണവും 2022ൽ കത്തി കൈവശം വച്ച സംഭവം പോലുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതും ഗുരുതര പിഴവായി വിലയിരുത്തി.

67 ശുപാർശകളുമായി സമഗ്രമായ പരിഷ്കാരങ്ങൾ ആണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത് . ഏജൻസികൾ തമ്മിൽ കൂടുതൽ ഫലപ്രദമായ സഹകരണവും വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതും ഉറപ്പാക്കണമെന്നും അക്രമ സ്വഭാവമുള്ള യുവാക്കളെ തിരിച്ചറിയാനും നിയന്ത്രിക്കാനും പുതിയ നിയമപരവും സംവിധാനപരവുമായ നടപടികൾ ആവശ്യമാണ് എന്നും ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് അറിയിച്ചു. രണ്ടാംഘട്ട അന്വേഷണത്തിൽ ഇത്തരം ഭീഷണികളെ എങ്ങനെ നേരിടാമെന്ന് വിശദമായി പരിശോധിക്കുമെന്നും, 2027 വസന്തകാലത്ത് റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.











Leave a Reply