റോമി കുര്യാക്കോസ്
ബോൾട്ടൺ: ബോൾട്ടൺ മലയാളീ അസോസിയേഷൻ (ബി എം എ)യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഈസ്റ്റർ – വിഷു – ഈദ് ആഘോഷ പരിപാടികൾ ഏപ്രിൽ 18 ശനിയാഴ്ച വൈകിട്ട് 5 മുതൽ രാത്രി 11 വരെ ഫാൻവർത്തിലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ സംഘടിപ്പിക്കും.
പ്രശസ്ത സിനിമാ-കോമഡി താരം കലാഭവൻ ജോബി നേതൃത്വം നൽകുന്ന സംഗീത-ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ബി എം എയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, കുട്ടികളുടെ തീം ഡാൻസുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം, ബി എം എയുടെ ചരിത്രത്തിൽ ആദ്യമായി 29 വനിതകൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഭംഗിയാർന്ന നൃത്താവിഷ്കാരം “റിതം ഓഫ് യൂണിറ്റി” എന്ന പേരിൽ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന് പുതുമയാർന്ന ഭംഗി പകരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള എൻട്രി ഫീസ് വ്യക്തിക്ക് 15 പൗണ്ടാണ് നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഹാളിൽ സ്പോട്ട് എൻട്രി ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 14ന് മുൻപായി ഗൂഗിൾ ഫോമിലൂടെ അംഗങ്ങളുടെ കൃത്യമായ വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയും പ്രവേശന ഫീസ് മുൻകൂട്ടി അസോസിയേഷൻ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ബി എം എ കുടുംബാംഗങ്ങൾ ഒഴിവുകൾ ക്രമപ്പെടുത്തി പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു.
എക്സലന്റ് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (മോർട്ട്ഗേജ് & ഇൻഷുറൻസ് സർവീസസ്), എൽഡർലിനെസ്സ് കെയർ (ഹോം കെയർ & കെയർ ഹോം സർവീസസ്), പ്രവാസി കളക്ഷൻസ് (ഗാർമെന്റ്സ്) എന്നീ സ്ഥാപനങ്ങളാണ് പരിപാടിയുടെ പ്രധാന സ്പോൺസർമാർ.
കൂടുതൽ വിവരങ്ങൾക്ക്:
റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776646163











Leave a Reply