ന്യൂസ് ഡെസ്ക്, മലയാളം യുകെ
അൽസൈമേഴ്‌സ് രോഗത്തിൻ്റെ ചികിത്സയിൽ വലിയ മുന്നേറ്റമെന്ന് കരുതപ്പെട്ട പുതിയ മരുന്നുകൾ രോഗികൾക്ക് പ്രതീക്ഷിച്ചതുപോലെ ഗുണം ചെയ്യില്ലെന്ന ആശങ്ക ഉയർത്തുന്ന പുതിയ റിപ്പോർട്ട് പുറത്തു വന്നു. തലച്ചോറിൽ അമിലോയ്ഡ് എന്ന പ്രോട്ടീൻ അടിഞ്ഞു കൂടുന്നതാണ് രോഗത്തിന്റെ പ്രധാന കാരണമെന്നാണ് കരുതുന്നത്. ഇതിനെ നീക്കം ചെയ്യാനുള്ള മരുന്നുകൾ ആദ്യമായി വികസിപ്പിക്കപ്പെട്ടപ്പോൾ, രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാൻ സാധിച്ചതോടെ അത് ഒരു ചരിത്രനിമിഷമായി ആണ് വിലയിരുത്തപ്പെട്ടു കൊണ്ടിരുന്നത്. എന്നാൽ, രോഗലക്ഷണങ്ങളിൽ വ്യക്തമായ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ഈ പുതിയ കണ്ടെത്തൽ വലിയ തിരിച്ചടിയാണ് നൽകുന്നത്.

സ്വതന്ത്രമായ ആരോഗ്യവിശകലനങ്ങൾക്ക് പ്രശസ്തമായ കോക്രെയ്ൻ സംഘത്തിന്റെ വിശദമായ പഠനത്തിൽ 20,342 പേർ പങ്കെടുത്ത 17 വ്യത്യസ്ത ക്ലിനിക്കൽ പരീക്ഷണങ്ങളാണ് പുതിയ കണ്ടെത്തലുകൾക്ക് കാരണമായത്. ഈ പഠനങ്ങളിൽ അമിലോയ്ഡ് നീക്കം ചെയ്യുന്ന മരുന്നുകൾ തലച്ചോറിലെ നാശം കുറച്ചെങ്കിലും, രോഗികളുടെ ഓർമ്മശക്തിയിലും ദിവസേന ജീവിതനിലവാരത്തിലും അതിന്റെ സ്വാധീനം വളരെ പരിമിതമാണെന്ന് ആണ് കണ്ടെത്തിയിരിക്കുന്നത്. രോഗത്തിന്റെ ഗതി ചെറിയ തോതിൽ മന്ദഗതിയിലാക്കാൻ കഴിഞ്ഞെങ്കിലും, അത് രോഗികൾക്ക് കാര്യമായ പുരോഗതി നൽകുന്നില്ലെന്നതാണ് പഠനത്തിന്റെ പ്രധാന വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ ചികിത്സയുടെ യഥാർത്ഥ പ്രയോജനം സംബന്ധിച്ച് കൂടുതൽ സംശയങ്ങൾ ഉയരുകയാണ്.

ഇതോടൊപ്പം, ഈ മരുന്നുകൾക്ക് ചില ഗൗരവമായ പാർശ്വഫലങ്ങളും ഉണ്ടാക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. തലച്ചോറിൽ വീക്കം (brain swelling) ഉണ്ടാകുന്നതും, രക്തസ്രാവം പോലുള്ള അപകടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ മരുന്നുകൾ രണ്ടാഴ്ച മുതൽ നാലാഴ്ച വരെയുള്ള ഇടവേളകളിൽ നിരന്തരം നൽകേണ്ടതും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടായി മാറിയിരുന്നു. ഉയർന്ന ചെലവും ചികിത്സയുടെ ഭാരവും കൂടി പരിഗണിക്കുമ്പോൾ, പലർക്കും ഇത് പ്രായോഗികമല്ലെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. “രോഗികൾക്ക് ഈ ചികിത്സയിൽ നിന്ന് വലിയ ഗുണം ലഭിക്കില്ല, മറിച്ച് ഇത് ഒരു അധികഭാരമായി മാറാം” എന്നതാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.











Leave a Reply