തൃശ്ശൂരിൽ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പുരയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ ഉയർന്ന് 14 ആയി. അഞ്ച് മൃതദേഹങ്ങളും മൂന്ന് പേരുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്, 70 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ ജീവൻ ഭീഷണിയിലാണ്. പ്രദേശത്ത് ദുഃഖവും ആശങ്കയും നിറഞ്ഞിരിക്കുകയാണ്.
ഉച്ചയ്ക്ക് 3.30ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. തുടർന്ന് രണ്ടുമണിക്കൂറോളം ഇടവിട്ട് സ്ഫോടനങ്ങൾ തുടരുകയും തീ വൻതോതിൽ പടരുകയും ചെയ്തു. വൈകിട്ട് ആറോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും സ്ഥലത്ത് നിന്ന് ഇപ്പോഴും കനത്ത പുക ഉയരുന്നു. പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികൾ കാരണം പ്രദേശത്ത് അപകടഭീഷണി തുടരുകയാണ്. തൃശൂർ പൂരം ആഘോഷവുമായി ബന്ധപ്പെട്ട സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്.
തിരുവമ്പാടി ദേവസ്വം ബോർഡിനുവേണ്ടി പ്രവർത്തിച്ചിരുന്ന ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. സതീഷിനും മറ്റ് തൊഴിലാളികൾക്കും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഇടുങ്ങിയ വഴിയായതിനാൽ ഫയർഫോഴ്സിന് സ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിട്ടു, തുടർന്ന് സമീപത്തെ മതിൽ തകർത്താണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്. കിലോമീറ്ററുകൾ അകലെയേയ്ക്ക് പോലും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ശക്തമായി തുടരുകയാണ്.
തൃശ്ശൂരിലെ വെടിക്കെട്ട് സൂക്ഷിച്ചിരുന്ന പുരയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തെ തുടർന്ന് വിശദമായ മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുക, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ശുപാർശകൾ നൽകുക എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അപകടം നടന്ന സ്ഥലത്ത് സുരക്ഷാ പരിശോധനകൾ ശക്തമാക്കുകയും സമീപ പ്രദേശങ്ങൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.











Leave a Reply