വിവോയും iQOOയും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ‘ഒറിജിൻ ഒ.എസ് അപ്‌ഡേറ്റ്’ എന്ന പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. അടിയന്തിര സിസ്റ്റം അപ്‌ഡേറ്റ് ആവശ്യമാണ് എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങൾ വഴി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ രീതി. ഇത്തരം ലിങ്കുകൾ വഴി ഔദ്യോഗിക അപ്‌ഡേറ്റിന് പകരം മാൽവെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു.

മാൽവെയർ ഇൻസ്റ്റാൾ ചെയ്തതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്ടുകൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്യും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങൾ കൈവശപ്പെടുത്തി അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുകയാണ് ലക്ഷ്യം. “ഫോൺ ബ്ലോക്ക് ചെയ്യും” പോലുള്ള ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കളെ കൂടുതൽ സമ്മർദത്തിലാക്കുന്നതും ശ്രദ്ധിക്കപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ സെറ്റിംഗ്സിലെ സിസ്റ്റം അപ്‌ഡേറ്റ് വഴിയല്ലാതെ വരുന്ന ലിങ്കുകൾ ഒരിക്കലും ഉപയോഗിക്കരുത്. ‘Install from Unknown Sources’ ഓപ്ഷൻ ഓഫ് ചെയ്തിരിക്കണം. അബദ്ധത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച് ഫോൺ സ്കാൻ ചെയ്യുകയും സംശയാസ്പദമായ ആപ്പുകൾ നീക്കം ചെയ്യുകയും വേണം. ബാങ്കിംഗ്, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ സുരക്ഷിതമായ മറ്റൊരു ഉപകരണത്തിൽ നിന്ന് മാറ്റുകയും, സാമ്പത്തിക നഷ്ടമുണ്ടായാൽ 1930 ഹെൽപ്‌ലൈൻ നമ്പറിലോ ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്നും അധികൃതർ നിർദേശിക്കുന്നു.