ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്താൻ അടിയന്തിര മന്ത്രിസഭ സമിതി യോഗമായ ‘കോബ്ര’യ്ക്ക് നാളെ അധ്യക്ഷത വഹിക്കുമെന്ന് പ്രഖ്യാപിച്ചു. ഇറാനെതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തിൽ യുകെ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ യുദ്ധങ്ങളിൽ ഒരിക്കലും രാജ്യത്തെ നയിക്കില്ലെന്നും, ഇറാഖ് യുദ്ധത്തിൽ നിന്നുള്ള പാഠങ്ങൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതങ്ങൾ ഇന്ധനവില വർധനയിലൂടെ ഇതിനകം തന്നെ ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായി ചേർന്ന് സർക്കാർ സാഹചര്യം ദിവസേന വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ ലേബർ എംപിമാരോട് തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണത്തെ തുടർന്ന് സ്റ്റാർമറെ പാർലമെന്ററി പ്രിവിലേജസ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മർദ്ദം ചെലുത്തുകയാണ്. പീറ്റർ മാൻഡൽസൺ നിയമനവുമായി ബന്ധപ്പെട്ട വെറ്റിംഗ് വിഷയത്തിലാണ് പ്രധാനമന്ത്രി കടുത്ത വിമർശനം നേരിടുന്നത് . സ്പീക്കർ ലിൻഡ്സെ ഹോയിൽ ഈ വിഷയത്തിൽ വോട്ടെടുപ്പ് അനുവദിക്കുമോ എന്നത് ഇന്ന് തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ലേബർ നേതാക്കളും മന്ത്രിമാരും ഈ ആരോപണങ്ങളെ “രാഷ്ട്രീയ കളി” എന്നും “അർത്ഥശൂന്യമായ ആരോപണം” എന്നും വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിട്ട പാർട്ടിഗേറ്റ് കേസുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്നും അവർ പറഞ്ഞു.

അതേസമയം, രാജ്യത്ത് ഷോപ്പ്ലിഫ്റ്റിംഗ് കുറയ്ക്കാനുള്ള സർക്കാർ നടപടികൾ ഫലം കാണാൻ തുടങ്ങിയതായി സ്റ്റാർമർ അവകാശപ്പെട്ടു. 200 പൗണ്ടിൽ താഴെയുള്ള മോഷണങ്ങൾക്കുള്ള ശിക്ഷാ ഇളവ് നീക്കം ചെയ്തതും, റീട്ടെയിൽ തൊഴിലാളികൾക്കെതിരായ ആക്രമണങ്ങളെ പ്രത്യേക കുറ്റമായി പരിഗണിച്ചതും ഉൾപ്പെടെ കർശന നിയമങ്ങൾ കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. 3000ത്തിലധികം അധിക പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതോടെ കുറ്റകൃത്യങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്നും, കുറ്റാരോപിതരുടെ എണ്ണം 17 ശതമാനം വർധിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. ഇതോടെ ഷോപ്പ്ലിഫ്റ്റിംഗ് നിയന്ത്രണത്തിൽ “മാറ്റത്തിന്റെ തുടക്കം” കാണാമെന്ന പ്രതീക്ഷ സർക്കാർ പങ്കുവയ്ക്കുന്നു.