ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ നോര്‍ത്താംപ്ടൺ നഗരത്തിലെ തെരുവോര കേബിള്‍ ബോക്സുകള്‍ ഇന്ന് നിറങ്ങളാലെല്ലാം നിറഞ്ഞ കലാസൃഷ്ടികളായി മാറിയിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടാതെ നിന്നിരുന്ന ഈ ബോക്സുകള്‍ക്ക് പുതുജീവൻ നൽകിയിരിക്കുന്നത് കോട്ടയം സ്വദേശിനിയായ യുവകലാകാരി ഹെൽന മെറിൻ ജോസഫാണ്. വെസ്റ്റ് നോര്‍ത്താംപ്ടൺഷെയർ കൗൺസിൽ സംഘടിപ്പിച്ച മത്സരത്തിലൂടെ ശ്രദ്ധേയയായ ഹെൽന, മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി അധികൃതരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി.

ചങ്ങനാശ്ശേരി സ്വദേശിയായ ഹെൽന, രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ബി.എഫ്.എയും സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ നിന്നും എം.എഫ്.എയും ഒന്നാം റാങ്കോടെ നേടിയ കഴിവുറ്റ കലാകാരിയാണ്. കുടുംബപരമായ കലാപാരമ്പര്യവും നിരവധി പുരസ്‌കാരങ്ങളും അവളുടെ കലാജീവിതത്തിന് ശക്തി പകരുന്നുണ്ട്. യുകെയിലെത്തിയ ശേഷം ലണ്ടൻ ആർട്ട് ഫെയർ മത്സരത്തില്‍ റണ്ണറപ്പ് നേടുകയും നഗര സൗന്ദര്യവത്കരണ പദ്ധതികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു വരികയായിരുന്നു
.
ആദ്യകാലത്ത് തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ ഇന്ന് സ്കൂളുകളിൽ ആർട്ട് എജ്യുക്കേറ്ററായി ജോലി ചെയ്യുകയും ഓൺലൈൻ വഴി ചിത്രകല പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് ഹെൽന. യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ഹെൽന, കലയുടെ വഴിയിലൂടെ മറ്റുള്ളവർക്ക് പ്രചോദനമായി മുന്നേറുകയാണ്.











Leave a Reply