ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യോഗ്യതയില്ലാത്തവർ “നേഴ്സ്” എന്ന പദവി ഉപയോഗിക്കുന്നത് തടയാൻ ബ്രിട്ടീഷ് സർക്കാർ തെളിവെടുപ്പും പൊതുജനാഭിപ്രായ ശേഖരണവും ആരംഭിച്ചു. നേഴ്സ് എന്ന പദവി ദുരുപയോഗം ചെയ്യുന്നത് രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും അതിനാൽ യോഗ്യതയുള്ളവർക്ക് മാത്രമായി ആ പദവി പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളാണ് പരിഗണിക്കുന്നതെന്നും സർക്കാർ അറിയിച്ചു. ഇതിനായി ഏത് ആരോഗ്യവിഭാഗക്കാർക്ക് “നേഴ്സ്” എന്ന പേര് ഉപയോഗിക്കാമെന്ന് പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി.

ഫുട്ബോൾ പരിശീലകൻ സ്റ്റീവ് ബ്രൂസിന്റെ നാലുമാസം പ്രായമായ പേരക്കുട്ടി മാഡിസൺ ബ്രൂസ് സ്മിത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസാണ് വിഷയത്തെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കിയത്. കുഞ്ഞിനെ പരിചരിക്കാൻ നിയമിച്ചിരുന്ന നേഴ്സിന് അടിസ്ഥാന പ്രഥമശുശ്രൂഷ പരിശീലനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കമിഴ്ന്നുകിടത്തി ഉറക്കാൻ നൽകിയ നിർദേശമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. “നേഴ്സ്” എന്ന പദം ഉപയോഗിച്ചതിലൂടെ ആവശ്യമായ വൈദഗ്ധ്യവും മെഡിക്കൽ അറിവും ഉണ്ടെന്ന തെറ്റായ ധാരണ മാതാപിതാക്കൾക്ക് ഉണ്ടായതായി കൊറോണർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

രോഗികൾക്ക് തങ്ങളെ പരിചരിക്കുന്നത് യഥാർഥത്തിൽ യോഗ്യതയുള്ള നേഴ്സാണോയെന്ന് സംശയിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് ആരോഗ്യ മന്ത്രി ബാരോണസ് ഗില്ലിയൻ മെറൺ പറഞ്ഞു. നേഴ്സിംഗ് ഒരു ഉയർന്ന വൈദഗ്ധ്യമുള്ളതും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതുമായ തൊഴിൽ മേഖലയാണെന്നും “നേഴ്സ്” എന്ന പദവിക്ക് നിയമപരമായ സംരക്ഷണം നൽകേണ്ടത് അനിവാര്യമാണെന്നും റോയൽ കോളജ് ഓഫ് നേഴ്സിംഗും പ്രതികരിച്ചു. പൊതുജനാഭിപ്രായ ശേഖരണം സെപ്റ്റംബർ അവസാനം വരെ തുടരും.











Leave a Reply