ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഇന്ധന ക്ഷാമം ഉണ്ടായാൽ വിമാനക്കമ്പനികൾക്ക് മുൻകൂട്ടി സർവീസുകൾ റദ്ദാക്കാൻ അനുമതി നൽകുന്ന പുതിയ പദ്ധതികൾ സർക്കാർ തയ്യാറാക്കി. ഈ വേനൽക്കാലത്ത് ഇന്ധന ലഭ്യതയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ വിമാനത്താവളങ്ങളിലെ സ്ലോട്ടുകൾ നഷ്ടപ്പെടാതെ തന്നെ ആഴ്ചകൾക്ക് മുമ്പ് സർവീസുകൾ റദ്ദാക്കാൻ എയർലൈൻസുകൾക്ക് കഴിയുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ ബാധിക്കുന്ന അവസാന നിമിഷ റദ്ദാക്കലുകൾ ഒഴിവാക്കുന്നതിനാണ് ഈ നീക്കം. അതേസമയം, യുകെയിലെ നാല് റിഫൈനറികളോട് ജെറ്റ് ഇന്ധന വിതരണം പരമാവധി വർധിപ്പിക്കാനും, അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ധനം എത്തിക്കുന്ന മാർഗങ്ങൾ പരിശോധിക്കാനും സർക്കാർ നിർദ്ദേശം നൽകി.

ഇപ്പോൾ ഇന്ധന ക്ഷാമമില്ലെന്ന് വിമാനക്കമ്പനികൾ പറയുമ്പോഴും, ഇറാൻ യുദ്ധം മൂലം വിതരണ ശൃംഖലയിൽ തടസ്സം വന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പ് വിദഗ്ധർ നൽകി. യുകെ ഉപയോഗിക്കുന്ന ജെറ്റ് ഇന്ധനത്തിന്റെ ഏകദേശം 65% ഇറക്കുമതി ചെയ്യുന്നതാണ് . ഇതിൽ വലിയൊരു പങ്ക് സാധാരണയായി മധ്യപൂർവദേശത്ത് നിന്നാണ് കൊണ്ടുവരുന്നത് . എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചത് വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ജൂണോടെ യൂറോപ്പിലാകെ ഇന്ധന ക്ഷാമം ഉണ്ടാകാമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ഒരേ റൂട്ടിൽ ദിവസേന നടത്തുന്ന ചില സർവീസുകൾ കുറയ്ക്കുന്നതു പോലുള്ള മുൻകരുതൽ നടപടികൾക്ക് സർക്കാർ അനുമതി നൽകാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് .

സാധാരണയായി, വിമാനത്താവള സ്ലോട്ടുകൾ നിലനിർത്താൻ 80% സർവീസുകൾ പ്രവർത്തിപ്പിക്കേണ്ടതിനാൽ എയർലൈൻസുകൾ സർവീസുകൾ റദ്ദാക്കുന്നതിൽ മടിച്ചിരുന്നു. എന്നാൽ പുതിയ പദ്ധതിപ്രകാരം ഉപയോഗിക്കാത്ത സ്ലോട്ടുകൾ താൽക്കാലികമായി തിരികെ നൽകാനും പിന്നീട് അവ നിലനിർത്താനും സാധിക്കും. ഇതിലൂടെ കുറഞ്ഞത് രണ്ട് ആഴ്ച മുൻപ് സർവീസുകൾ റദ്ദാക്കി യാത്രക്കാർക്ക് മുൻകൂട്ടി വിവരം നൽകാൻ കഴിയും. യാത്രാ തടസ്സങ്ങൾ ഉണ്ടായാൽ യാത്രക്കാരെ റീറൂട്ടുചെയ്യുകയോ പണം തിരികെ നൽകുകയോ, ഭക്ഷണം-താമസം പോലുള്ള സഹായങ്ങൾ നൽകുകയോ ചെയ്യേണ്ടതും നിലവിലെ നിയമങ്ങൾ നിർബന്ധമാക്കുന്നു. ഇന്ധന ക്ഷാമത്തെ “അസാധാരണ സാഹചര്യങ്ങൾ” ആയി പ്രഖ്യാപിച്ച് നഷ്ടപരിഹാരം ഒഴിവാക്കണമെന്ന എയർലൈൻസുകളുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.











Leave a Reply