ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടും മെക്സിക്കോയും തമ്മിലുള്ള നിർണായക മത്സരം കാണാനായി ഞായറാഴ്ച രാത്രി വൈകിയും ഉണർന്നിരിക്കാനൊരുങ്ങുകയാണ് ബ്രിട്ടനിലെ നിരവധി മാതാപിതാക്കൾ. ഇതുമൂലം തിങ്കളാഴ്ച രാവിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ ബേബിസിറ്റർമാരെ മുൻകൂട്ടി ബുക്ക് ചെയ്യുന്നതായുള്ള വിവരമാണ് വാർത്തയായിരിക്കുന്നത്. മെക്സിക്കോ സിറ്റിയിൽ നടക്കുന്ന മത്സരം ബ്രിട്ടനിൽ പുലർച്ചെ ഒരു മണിക്കാണ് ആരംഭിക്കുന്നത്. അതിനാൽ ഉറക്കക്കുറവ് മൂലം രാവിലെ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്കയാണ് മാതാപിതാക്കളെ ഇത്തരം തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്.

കുട്ടികളുടെ പരിചരണ സേവനം നൽകുന്ന ബബിൾ ആപ്പിന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച രാവിലെ സ്കൂൾ റൺ സഹായത്തിനായുള്ള ബുക്കിങ്ങുകളിൽ 50 ശതമാനം വർധനയുണ്ടായി. പലരും കുട്ടികളെ ഒരുക്കി സ്കൂളിലെത്തിക്കുന്നതിനുള്ള ഹ്രസ്വസമയ സേവനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. വർധിച്ച ആവശ്യകത കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ ബുക്കിങ്ങുകൾക്ക് പ്രത്യേക ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുചൽ ലോകകപ്പ് നാലുവർഷത്തിലൊരിക്കൽ മാത്രമാണെന്നും കുട്ടികൾക്ക് മത്സരം കാണാൻ വൈകി ഉറങ്ങാൻ മാതാപിതാക്കൾ അനുമതി നൽകണമെന്നും അഭ്യർഥിച്ചു. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അതിനെ പിന്തുണച്ചില്ല. കുട്ടികൾ തിങ്കളാഴ്ച സ്കൂളിൽ പോകേണ്ടതുണ്ടെന്നും തീരുമാനം മാതാപിതാക്കൾക്കാണെങ്കിലും വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും സർക്കാർ വ്യക്തമാക്കി. ഇംഗ്ലണ്ട് – മെക്സിക്കോ പോരാട്ടം ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.











Leave a Reply