ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാൻറാവൈറസ് ബാധിച്ചതായുള്ള സംശയത്തെ തുടർന്ന് ഡച്ച് പതാകയുള്ള ‘എംവി ഹോണ്ടിയസ്’ ക്രൂയിസ് കപ്പലിൽ നിന്ന് മൂന്ന് പേരെ കൂടി മെഡിക്കൽ സഹായത്തിനായി ഒഴിപ്പിച്ചു. ബ്രിട്ടീഷ് ജീവനക്കാരനായ ഒരാളും, നെതർലൻഡ്സുകാരനായ സഹപ്രവർത്തകനും, മറ്റൊരു യാത്രക്കാരനെയുമാണ് നെതർലൻഡ്സിലേക്ക് മാറ്റിയത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മേൽനോട്ടത്തിൽ കാബോ വേർഡെ, ബ്രിട്ടൻ, സ്പെയിൻ, നെതർലൻഡ്സ് എന്നിവിടങ്ങളിലെ അധികൃതരുമായി സഹകരിച്ചാണ് നടപടി. ഏകദേശം 150 പേർ സഞ്ചരിക്കുന്ന കപ്പലിന് സ്പാനിഷ് അധികൃതർ തുറമുഖത്ത് എത്താൻ അനുമതി നൽകിയതോടെ കാനറി ദ്വീപുകളിലേക്കുള്ള യാത്ര തുടരാനാകും.

കപ്പലിൽ ഉണ്ടായിരുന്ന ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും മരണപ്പെട്ടത് ആശങ്ക വർധിപ്പിച്ചിരുന്നു . ബ്രിട്ടീഷ് പൗരനായ ഒരാൾ ദക്ഷിണാഫ്രിക്കയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഓസ്ട്രേലിയൻ പൗരന്മാരും കപ്പലിലുണ്ടെന്നാണ് റിപ്പോർട്ട്. രോഗബാധിത എലികളുമായോ അവയുടെ മൂത്രം, വിസർജ്യം, എന്നിവയുമായ സമ്പർക്കം മൂലമാണ് സാധാരണയായി ഹാൻറാവൈറസ് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം അപൂർവമാണെങ്കിലും ദക്ഷിണ അമേരിക്കയിൽ കണ്ടെത്തിയ വകഭേദത്തിൽ പരിമിതമായ വ്യാപനം മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, ദക്ഷിണാഫ്രിക്കയിൽ 62 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കി. ഇതുവരെ ആരിലും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കാബോ വേർഡെ യാത്രക്കാരെ ഇറക്കാൻ അനുമതി നിഷേധിച്ചതിനാൽ കപ്പൽ അവസാന ലക്ഷ്യസ്ഥാനത്ത് എത്താനായില്ല. പിന്നീട് ഡബ്ല്യുഎച്ച്ഒയും യൂറോപ്യൻ യൂണിയനും അഭ്യർത്ഥിച്ചതിനെ തുടർന്ന് സ്പെയിൻ കപ്പലിനെ സ്വീകരിക്കാൻ സമ്മതിക്കുകയും ടെനെറിഫ് ദ്വീപിൽ കപ്പൽ നങ്കൂരമിടാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രാദേശിക ഭരണകൂടം എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.











Leave a Reply