ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഏറെ പുതുമയുള്ളതായിരുന്നു ഈ വർഷത്തെ യൂറോവിഷൻ സംഗീത മത്സരം. എല്ലാവർഷവും ഈ പരിപാടിക്ക് ആതിഥേയത്വം അരുളേണ്ടത് മുൻ വർഷത്തെ ജേതാക്കളായ രാജ്യമാണ്. ഈ വർഷം റഷ്യൻ യുദ്ധം കാരണം ആ പതിവ് തെറ്റുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ജേതാക്കളായ യുക്രെയിനിൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതു കാരണം ബ്രിട്ടൻ അത് ഏറ്റെടുത്ത് നടത്തുകയായിരുന്നു. മത്സരവേദിയിൽ, ഒരു സന്ദർഭത്തിലെങ്കിലും ചാൾസ് രാജാവും കാമില രാജ്ഞിയും സന്നിഹിതരായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

അതിശക്തമായിരുന്നു ഫൈനലിൽ എല്ലാ മത്സരാർത്ഥികളും കാഴ്‌ച്ച വെച്ചത്. ഏറെ പ്രതീക്ഷകൾ ഉയർത്തിയ ഫിൻലാൻഡിന്റെ കാറിജയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി സ്വീഡന്റെ ലോറീൻ കിരീടം നേടി. യുക്രെയിന് വേണ്ടി ആതിഥേയത്വം ഏറ്റെടുത്ത യുകെയ്ക്ക് പക്ഷെ 25-ാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. ഐ റോട്ട് എ സോംഗ് എന്ന ട്രാക്കുമായി എത്തിയ മേ മുള്ളർ ആയിരുന്നു യു കെയെ പ്രതിനിധീകരിച്ചത്. സ്റ്റേജിലേക്കുള്ള കാലുഷ് ഓർക്കസ്ട്രയുടെ തിരിച്ചു വരവിനും ഈ വർഷത്തെ യൂറോവിഷൻ സാക്ഷ്യം വഹിച്ചു. റഷ്യയുമായുള്ള യുക്രെയിന്റെ യുദ്ധം 444-ാം ദിവസത്തിലെത്തുമ്പോഴായിരുന്നു തങ്ങളുടെ ഹിറ്റ് പാട്ടുകളുമായി അവർ വേദിയിൽ എത്തുന്നത്. ലിവർപൂൾ അറീനയിൽ നടന്ന ലൈവ് പരിപാടിയിലും ഗ്രാന്റ് ഫിനാലെയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആരാധകരായിരുന്നു പങ്കെടുത്തിരുന്നത്.

നേരത്തേ തന്റെ യൂഫോറിയ എന്ന ട്രാക്കുമായി 2012-ലും ലോറീൻ യൂറോവിഷൻ കിരീടം നേടിയിട്ടുണ്ട്. ടാറ്റൂ എന്ന ട്രാക്കായിരുന്നു ഇത്തവണ. കടുത്ത മത്സരം നൽകി തൊട്ടുപിറകെ എത്തുകയായിരുന്നു ഫിൻലാൻഡ് ഗായകനായ കാറിജ. ഇസ്രയേൽ ഗായിക നോവ കിരേലിനും ആരാധകർ നിരവധി ഉണ്ടായിരുന്നെങ്കിലും ആദ്യ രണ്ട് സ്ഥനങ്ങളിൽ എത്താൻ കഴിഞ്ഞില്ല.