തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടത്തിയ മെഡിക്കൽ ഉപകരണ പർച്ചേസുകളെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്താൻ സർക്കാർ തീരുമാനം. മെഡിക്കൽ കോളജുകളിലും വിവിധ ആശുപത്രികളിലും കോടികൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായുള്ള പരാതികളും പരിശോധനകളിൽ കണ്ടെത്തിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ നടത്തിയ പ്രധാന വാങ്ങലുകൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.

വയനാട് മെഡിക്കൽ കോളജിൽ മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ ഗോഡൗണിൽ ഉപയോഗിക്കാതെ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപം ഓട്ടോക്ലേവ് മെഷീൻ മഴയും വെയിലും ഏറ്റ് നശിക്കുന്ന നിലയിലാണെന്നും ജനറൽ ആശുപത്രിയിൽ കോവിഡ് കാലത്ത് ലഭിച്ച ഓക്സിജൻ കോൺസൻട്രേറ്ററുകൾ പ്രവർത്തനരഹിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്തരം വാങ്ങലുകൾ നടന്നതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്ലാൻ ഫണ്ടും കേന്ദ്രസർക്കാരിന്റെ പി.എം.എസ്.എസ്.വൈ പദ്ധതിയും ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾക്കൊപ്പം കോവിഡ് കാലത്ത് കേന്ദ്രം നൽകിയ മെഡിക്കൽ ഉപകരണങ്ങളും അന്വേഷണ പരിധിയിൽ വരും. ആദ്യം വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷം സാമ്പത്തിക കാര്യങ്ങൾ ധനവകുപ്പ് പരിശോധിക്കും. വാങ്ങലുകളിൽ ക്രമക്കേടുകളോ ദുരുപയോഗമോ കണ്ടെത്തിയാൽ കേസ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.