മഹാരാഷ്ട്രയിലെ നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റിൽ ഉയർന്ന ലൈംഗികാതിക്രമ – മതപരിവർത്തന കേസിൽ പ്രധാന പ്രതിയായ എച്ച്ആർ മാനേജർ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സാംബാജി നഗറിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ നിന്നാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ പുറത്തുവന്നത്. ചില വനിതാ ജീവനക്കാർ വർഷങ്ങളായി ലൈംഗിക പീഡനവും മാനസിക പീഡനവും നേരിട്ടതായും, മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയതായും പരാതിപ്പെട്ടു. എട്ടോളം വനിതാ ജീവനക്കാർ മുന്നോട്ട് വന്നതോടെയാണ് സംഭവം വലിയ വിവാദമായത്. പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഒമ്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും വിവിധ സംഘങ്ങളെ രൂപീകരിച്ച് സംസ്ഥാനവ്യാപകമായി അന്വേഷണം ശക്തമാക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഏഴ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഉൾപ്പെടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരും ഉൾപ്പെടുന്നു. സംഭവത്തിൽ പേര് വന്ന എച്ച്ആർ മേധാവി അശ്വിനി ചൈനാനിയടക്കമുള്ള ജീവനക്കാരെ ടിസിഎസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും സൂചനയുണ്ട്.











Leave a Reply