ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും സ്കോട്ട് ലൻഡിലും വെയിൽസിലും നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ റീഫോം യുകെയുടെ മുന്നേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുകയാണ് . ബ്രെൻ്റ്വുഡിലെ ഹട്ടൺ സൗത്ത് വാർഡിൽ ഫിലിപ്പ നിക്കൾസൺ വിജയിച്ചതോടെ ആദ്യ ഫലങ്ങളിൽ തന്നെ റീഫോം ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. ചോർലിയിലെ ചോർലി ഈസ്റ്റ് വാർഡിലും മാർട്ടിൻ ടോപ്പ് ലേബറിനെ പിന്തള്ളി വിജയിച്ചു. സാൽഫോർഡ് സിറ്റി കൗൺസിലിലെ വാക്ക്ഡൻ നോർത്ത് വാർഡും ലേബറിൽ നിന്ന് റീഫോം പിടിച്ചെടുത്തു.

ആദ്യ ഫല സൂചനകൾ പ്രകാരം റീഫോം യുകെ ശരാശരി 28 ശതമാനം വോട്ട് നേടുമെന്ന്
പ്രശസ്ത തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ ജോൺ കർട്ടിസ് അഭിപ്രായപ്പെട്ടു . അതേസമയം 2022നെ അപേക്ഷിച്ച് ലേബറിന്റെ വോട്ടു ശതമാനത്തിൽ കനത്ത ഇടിവുണ്ടായതായും പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ തിരിച്ചടി ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീൻ പാർട്ടിയും മത്സരിക്കുന്നിടങ്ങളിലെല്ലാം വോട്ടുശതമാനം ഉയർത്തുന്നുണ്ടെങ്കിലും പ്രധാന പോരാട്ടം റീഫോമും പരമ്പരാഗത കക്ഷികളുമായാണ് നടക്കുന്നതെന്ന് വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥികൾക്കെതിരായ ഭീഷണിയും അധിക്ഷേപവും വർധിച്ചതും ഇത്തവണ വലിയ ആശങ്കയുണ്ടാക്കിയിരുന്നു . ലേബർ നേതാക്കളും ഗ്രീൻ പാർട്ടി പ്രതിനിധികളും നിരവധി സ്ഥാനാർഥികൾക്ക് വധഭീഷണിയും അതിക്രമങ്ങളും ഉണ്ടായതായി ആരോപിച്ചു. ഇതിനിടെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനെ മാറ്റണമെന്ന അഭ്യൂഹങ്ങൾ തള്ളി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തെത്തി. ബ്രിട്ടീഷ് ജനങ്ങൾക്ക് ആവശ്യം നേതൃത്വമാറ്റമല്ല, വാഗ്ദാനങ്ങൾ നടപ്പാക്കലാണെന്നും അദ്ദേഹം പ്രതികരിച്ചു.











Leave a Reply